‘പത്ത് കൊല്ലമായ സർക്കാർ മാറട്ടെയെന്ന് പറഞ്ഞ സച്ചിദാനന്ദൻ അവസരവാദി’; എം.വി.ഗോവിന്ദൻ

 

കവി കെ.സച്ചിദാനന്ദനെതിരെ വിമർശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. പത്ത് കൊല്ലമായ സർക്കാർ മാറട്ടെയെന്ന് പറഞ്ഞ സച്ചിദാനന്ദൻ അവസരവാദിയെന്ന് കുറ്റപ്പെടുത്തൽ. സിപിഐഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിലാണ് എം.വി.ഗോവിന്ദൻ ഇക്കാര്യം പറഞ്ഞത്. ഭാരത് ജോഡോ യാത്രയിൽ സിപിഐഎം പങ്കെടുക്കണമെന്ന് പറഞ്ഞപ്പോൾ തന്നെ ശ്രദ്ധിക്കേണ്ടതായിരുന്നു. അന്നത് വേണ്ടവണ്ണം ശ്രദ്ധിച്ചില്ലെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.(M.V. Govindan criticises poet K. Satchidanandan)

 

 

അതേസമയം ജില്ലാ സെക്രട്ടറിയെ നിശ്ചയിക്കുന്നത് സംബന്ധിച്ച വാർത്ത ചോർന്നതിൽ സിപിഐഎമ്മിൽ വിമർശനം ഉയർന്നു. യോഗ തീരുമാനം എങ്ങനെ പുറത്ത് പോയെന്ന് ജില്ലാ കമ്മിറ്റിയിൽ ചോദ്യം ഉയർന്നു. ജില്ലാ കമ്മിറ്റിയിലെ ചർച്ച ചോർന്നത് ആപ്പ് വഴിയാണെന്നാണ് നേതൃത്വം കുറ്റപ്പെടുത്തിയിരുന്നത്.അതേസമയം വി ജോയിയെ തിരുവനന്തപുരം ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത് ഏകകണ്ഠമായെന്നായിരുന്നു സിപിഐഎം അവകാശപ്പെട്ടിരുന്നത്. എന്നാൽ മൂന്ന് പേർ എതിർപ്പ് അറിയിച്ചെന്നാണ് പുറത്തുവന്ന വിവരം. ജില്ലാ കമ്മിറ്റി അംഗങ്ങളായ രാജേന്ദ്ര കുമാർ, ജയദേവൻ, മടവൂർ അനിൽ എന്നിവരാണ് എതിർത്തത്. തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിച്ച ഏരിയാ സെക്രട്ടറിമാരെ മാറ്റിയവർ ജില്ലാ സെക്രട്ടറിയുടെ കാര്യത്തിൽ മൗനം പാലിക്കുന്നതെന്താണെന്ന് ഇവർ വിമർശനം ഉന്നയിച്ചു.