കർണാടകയിലെ കുടകിൽ ആനത്താവളത്തിൽ ആനകൾ കൊമ്പുകോർക്കുന്നതിനിടയിൽപ്പെട്ട യുവതിക്ക് ദാരുണാന്ത്യം. ചെന്നൈ സ്വദേശി ജിന്നുവാണ് ആനകൾക്കിടയിൽപ്പെട്ട് മരിച്ചത്. ഇന്ന് രാവിലെ കർണാടകയിലെ ദുബാരെ ആനത്താവളത്തിലാണ് സംഭവം. ആനകൾ കുളിക്കുന്നതിനിടെ കൊമ്പുകോർക്കുകയും ഇതിനിടയിൽ യുവതിപ്പെട്ടുപോകുകയുമായിരുന്നു. ആനത്താവളത്തിൽ ആനകൾ കുളിക്കുന്ന ഇടത്തേക്ക് സഞ്ചാരികൾ എത്തുന്നത് പതിവാണ്.
പരിശീലനം ലഭിച്ച കാഞ്ചൻ, മാർത്താണ്ഡ എന്നീ ആനകൾ തമ്മിലാണ് കൊമ്പുകോർക്കൽ ഉണ്ടായത്. ഏറ്റുമുട്ടലിനിടെ ആനയുടെ സമനില തെറ്റി. ആനകളെ തടയാൻ പാപ്പാൻമാർ ശ്രമിച്ചെങ്കിലും സ്ഥിതി പെട്ടെന്ന് വഷളായതായി ഉദ്യോഗസ്ഥർ പറഞ്ഞു. കാഞ്ചൻ മാർത്താണ്ഡയിലേക്ക് പാഞ്ഞുകയറുകയും തമ്മിൽ ഇടിക്കുകയും ചെയ്തു. മാർത്താണ്ഡൻ സമനില തെറ്റി വീണപ്പോൾ, സമീപത്ത് നിന്നിരുന്ന യുവതി ആനയുടെ അടിയിൽ കുടുങ്ങുകയായിരുന്നു. യുവതിയുടെ മൃതദേഹം കുശാൽനഗർ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. തുടർനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.







