അഞ്ച് പതിറ്റാണ്ടിന് ശേഷം ചന്ദ്രന് അരികിലെത്തിയ ആര്‍ട്ടെമിസ് ടു സംഘം ചരിത്രം കുറിച്ച് ഭൂമിയില്‍ തിരികെയെത്തി. ഇന്ന് രാവിലെ 5.37നാണ് സംഘം പസഫിക് സമുദ്രത്തില്‍ സാന്‍ഡിയാഗോ തീരത്തിനടുത്ത് സ്പ്ലാഷ് ഡൗണ്‍ ചെയ്തത്. പേടകത്തെ വീണ്ടെടുത്ത് നാലംഗ ദൗത്യ സംഘത്തെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. (Artemis II crew)
മനുഷ്യന്റെ വര്‍ഷങ്ങള്‍ നീണ്ട ബഹിരാകാശ ദൗത്യങ്ങളില്‍ വളരെ ചെറിയ കുറച്ച് ദിവസങ്ങള്‍, പത്ത് ദിവസം നീണ്ട യാത്രക്കിടെ വളരെ നിര്‍ണായകമായ ഒട്ടേറെ പരീക്ഷണങ്ങള്‍ ആര്‍ട്ടെമിസ് 2 ദൗത്യത്തിന്റെ ഭാഗമായി. ചാന്ദ്ര നിരീക്ഷണം, ഒറൈണ്‍ പേടകത്തിന്റെ ശേഷി പരിശോധിക്കല്‍, ബഹിരാകാശ യാത്രക്കിടെയുള്ള മനുഷ്യരുടെ ആരോഗ്യ സ്ഥിതി, എന്നിവയാണ് പ്രധാനമായും പരീക്ഷണ വിഷയങ്ങളായത്. ചന്ദ്രന്റെ മറുവശത്തുകൂടി സഞ്ചരിക്കുമ്പോള്‍ ഗര്‍ത്തങ്ങളും ലാവാ പ്രവാഹങ്ങളും നിരീക്ഷിക്കുകയും ചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്യുന്നതായിരുന്നു ദൗത്യത്തിലെ നിര്‍ണായക നിമിഷം. ഏപ്രില്‍ 6ന് ഒറൈണ്‍ പേടകം ചന്ദ്രന്റെ തൊട്ടുമുകളിലൂടെ നടത്തിയ യാത്രയില്‍, ഈ പഠനം സഞ്ചാരികള്‍ നടത്തി.മുന്‍പ് അപ്പോളോ ദൗത്യങ്ങളില്‍ കാണാത്ത ചന്ദ്രന്റെ ഭാഗങ്ങളെ കുറിച്ച് പഠിക്കാന്‍ ഇത് സഹായകമായി. ബഹിരാകാശത്തെ വികിരണങ്ങള്‍ പേടകത്തിനുള്ളിലും പുറത്തും എത്രത്തോളമുണ്ടെന്നും ദൗത്യത്തിനിടെ നിരീക്ഷിച്ചു. ഭാവിയില്‍ ഒറൈണ്‍ പേടകം കൂടുതല്‍ ദൗത്യത്തിന് ഉപയോഗപ്രദമാണോ എന്ന് പരീക്ഷിക്കാനായിരുന്നു ഈ നീക്കം. റേഡിയോ തരംഗങ്ങള്‍ക്ക് പകരം ലേസര്‍ വെളിച്ചം ഉപയോഗിച്ച് ഭൂമിയിലേക്ക് വിവരങ്ങള്‍ അയക്കുന്ന സംവിധാനം, പേടകത്തിനുള്ളിലെ വായുവും താപനിലയും ക്രമീകരിക്കുന്ന സംവിധാനങ്ങള്‍, മാനുവല്‍ പൈലറ്റിംഗ് എന്നിവയും പത്ത് ദിവസത്തെ യാത്രക്കിടെ പരീക്ഷിച്ചു. മ
നുഷ്യരിലെ ബയോ മാര്‍ക്കര്‍ പരിശോധന, മനുഷ്യ കോശങ്ങള്‍ അടങ്ങിയ ചെറിയ ചിപ്പുകള്‍ പേടകത്തില്‍ അയച്ച്, അവയിലെ റേഡിയേഷന് നില പരിശോധിക്കുന്ന ഓര്‍ഗണ്‍ ഓണ്‍ ചിപ്പ്. അങ്ങനെ ബഹിരാകാശ ദൗത്യങ്ങള്‍ക്ക് മുതല്‍ക്കൂട്ടാവുന്ന ഒട്ടനവധ പരീക്ഷണങ്ങളാണ് ആര്‍ട്ടെമിസ് 2 ദൗത്യത്തില്‍ പൂര്‍ത്തീകരിച്ചത്. ക്ഷീരപഥത്തിലെ വിസ്മയങ്ങള്‍ തേടിയുള്ള മനുഷ്യന്റെ യാത്രകള്‍ക്കും അവന്റെ അടങ്ങാത്ത സ്വപ്നങ്ങള്‍ക്കും ചിറക് നല്‍കുകയാണ് ആര്‍ട്ടെമിസ് 2 ദൗത്യവും അതിലെ 4 സഞ്ചാരികളും.








