Headlines

ഹോര്‍മുസ് കടലിടുക്കിലൂടെ ഇന്ത്യന്‍ കപ്പലുകള്‍ക്ക് കടന്നുപോകാം; ഇറാന്‍

ഹോര്‍മൂസ് കടലിടുക്ക് വഴിയുള്ള യാത്രയ്ക്ക് ഇറാന്റെ സൗഹൃദ രാജ്യങ്ങള്‍ തടസം നേരിടേണ്ടി വരില്ലെന്ന് വ്യക്തമാക്കി ഇറാന്‍. ഇന്ത്യ, റഷ്യ, ചൈന, പാകിസ്താന്‍, ഇറാഖ് തുടങ്ങിയ രാജ്യങ്ങളെ ഹോര്‍മൂസ് കടലിടുക്കില്‍ തടയില്ലെന്നാണ് ഇറാനിയന്‍ സ്റ്റേറ്റ് ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി വ്യക്തമാക്കിയിരിക്കുന്നത്. ഹോര്‍മൂസ് കടലിടുക്ക് പൂര്‍ണമായി അടച്ചിട്ടില്ല. ഇറാനുമായി നല്ല ബന്ധം പുലര്‍ത്തുന്ന രാജ്യങ്ങളിലെ കപ്പലുകള്‍ക്ക് സുരക്ഷിതമായി കടലിടുക്ക് കടക്കാനാകും. കടലിടുക്ക് കടക്കണമെന്ന് അറിയിക്കുന്ന കപ്പലുകള്‍ക്ക് ആ രാജ്യവുമായുള്ള ഇറാന്റെ ബന്ധങ്ങള്‍ പരിഗണിച്ച ശേഷം ഇറാന്‍ സൈന്യം സുരക്ഷിതമായ യാത്ര ഉറപ്പാക്കുന്നുണ്ട് എന്നും അദ്ദേഹം വ്യക്തമാക്കി. ( Iran Says they Allows India Access to Strait of Hormuz)

ഇറാന്‍- യുഎസ് ചര്‍ച്ചകള്‍ നടക്കുന്നില്ലെന്നും സൗഹൃദ രാജ്യങ്ങള്‍ വഴി കൈമാറുന്ന സന്ദേശങ്ങള്‍ ചര്‍ച്ചയായി കണക്കാക്കരുതെന്നും ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരഗ്ചി വ്യക്തമാക്കി. അമേരിക്കയുടെ നിര്‍ദ്ദേശങ്ങള്‍ പരിശോധിച്ചുവരികയാണെന്നും അരഗ്ചി പറഞ്ഞു. ഇറാന്‍ യുദ്ധം നിയന്ത്രണാതീതമായെന്നും എത്രയും വേഗം നയതന്ത്രമാര്‍ഗം സ്വീകരിക്കണമെന്നും ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുട്ടെറസ് പറഞ്ഞു.