മുതിർന്ന നേതാവും ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ ടികെ ഗോവിന്ദനെ പുറത്താക്കാൻ സിപിഐഎം. ഗോവിന്ദന്റെ ആരോപണങ്ങൾക്ക് മറുപടി നൽകാൻ ഒരുങ്ങുകയാണ് സിപിഐഎം. ഗോവിന്ദന്റെ നാടായ മലപ്പട്ടത്ത് ഇന്ന് നടക്കുന്ന വിശദീകരണ യോഗത്തിൽ എം വി ജയരാജൻ സംസാരിക്കും. (CPIM to expel TK Govindan)
സ്വന്തം നാട്ടിൽ ടി കെ ഗോവിന്ദനെതിരെ പാർട്ടി പ്രവർത്തകർ പ്രകടനം നടത്തി. മലപ്പട്ടം ലോക്കൽ കമ്മിറ്റി നടത്തിയ പ്രകടനത്തിന് ടി കെ ഗോവിന്ദന്റെ മരുമകളും ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ ടികെ സുലേഖ നേതൃത്വം നൽകി. അതേസമയം ഗോവിന്ദന്റെ സ്ഥാനാർഥിത്വത്തെ പിന്തുണക്കുന്നതിൽ കോൺഗ്രസ് പ്രവർത്തകരും നേതാക്കളും അതൃപ്തിയിലാണ്. പ്രാദേശിക നേതാക്കൾ ജില്ലാ നേതൃത്വത്തിന് മുന്നിൽ രാജി വെക്കുമെന്ന് അറിയിച്ചു കഴിഞ്ഞു.തളിപ്പറമ്പിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കാനാണ് ടികെ ഗോവിന്ദന്റെ തീരുമാനം. സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് എതിരെ രൂക്ഷ വിമർശനമുന്നയിച്ചാണ് ടികെ ഗോവിന്ദൻ പാർട്ടി വിട്ടത്. മൂന്നു തവണ എംഎൽഎ ആയതിന് ശേഷം നാലാം തവണ ആ കസേരയിൽ ഭാര്യയെ ഇരുത്തുന്നത് ശരിയല്ല. ഭാര്യയെ സ്ഥാനാർഥി ആക്കിയതിന്റെ പിന്നിൽ അഴിമതി നടത്താനാണെന്നും ടി കെ ഗോവിന്ദൻ ആരോപിച്ചു. ആരുമായും ചർച്ച നടത്തിയിട്ടില്ലെന്നും യുഡിഎഫ് പിന്തുണ തന്നാൽ സ്വീകരിക്കുമെന്നും ടി കെ ഗോവിന്ദൻ പറഞ്ഞു.
പികെ ശ്യാമളയ്ക്ക് എതിരെ ആന്തൂരിലെ വ്യവസായി സാജന്റെ ആത്മഹത്യ വിഷയവും ടി കെ ഗോവിന്ദൻ ഉയർത്തി. താൻ നഗരസഭ ചെയർപേഴ്സന്റെ കസേരയിൽ ഇരിക്കുന്നുണ്ടെങ്കിൽ അനുമതി കൊടുക്കില്ലെന്ന് പറഞ്ഞത് കൊണ്ടാണ് സാജൻ ആത്മഹത്യ ചെയ്തതെന്നും ആത്മഹത്യയ്ക്ക് ശേഷം, പികെ ശ്യാമളയ്ക്ക് പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യമുണ്ടായെന്നും ടി കെ ഗോവിന്ദൻ പറഞ്ഞു.








