Headlines

മരിച്ചെന്ന് വിധിയെഴുതിയിടത്തുനിന്നും പഠിച്ച് മുന്നേറിയ ആതിര; പണിതീരാത്ത വീട്ടിലിരുന്ന് പഠിച്ച് 57-ാം റാങ്ക് നേടിയ ശ്രീജ; സിവില്‍ സര്‍വീസ് വിജയ രഹസ്യം പറഞ്ഞ് മിടുക്കികള്‍

പ്രതികൂല സാഹചര്യങ്ങളെ കരുത്താക്കി മാറ്റിയ ജീവിതാനുഭവങ്ങള്‍ സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നതവിജയം കരസ്ഥമാക്കിയ രണ്ട് മിടുക്കികള്‍. പരീക്ഷയില്‍ 483-ാം റാങ്ക് നേടിയ ആതിര സുഗതനും 57-ാം റാങ്ക് നേടിയ ജെ എസ് ശ്രീജയുമാണ് അനുഭവങ്ങള്‍ പങ്കുവച്ചത്. വാഹനാപകടം മൂലം അരയ്ക്ക് കീഴേക്ക് തളര്‍ന്നുപോയി വീല്‍ചെയറില്‍ തുടരുന്ന ആതിരയുടെ വിജയം ജീവിതത്തില്‍ തോറ്റുപോയെന്ന് കരുതുന്ന എല്ലാവര്‍ക്കും ഒരു പാഠമാണ്. സാധാരണ കൂലിപ്പണിക്കാരന്റേയും വീട്ടമ്മയുടേയും മകളായ ശ്രീജ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്കിടയില്‍ നിന്ന് പഠിച്ചാണ് 57-ാം റാങ്കെന്ന കരുത്തുറ്റ വിജയം നേടിയത്. ഐഎഫ്എസ് എന്ന സ്വപ്‌നമാണ് ശ്രീജയെ മുന്നോട്ട് നയിച്ചത്. ( sreeja and athira shares their success story in civil service exam)

ബിഡിഎസിന് പഠിക്കുമ്പോഴുണ്ടായ ഒരു മാരകമായ വാഹനാപകടമാണ് ആതിരയുടെ ജീവിതത്തെ കീഴ്‌മേല്‍ മറിച്ചത്. രണ്ട് മണിക്കൂറിനുള്ളില്‍ ആതിര മരിക്കുമെന്നാണ് ഡോക്ടേഴ്‌സ് വിധിയെഴുതിയത്. വിരലറ്റത്ത് കണ്ട ജീവന്റെ ഒരു തുടിപ്പിനെ തുടര്‍ന്നുള്ള ചികിത്സയിലാണ് ജീവിതം തിരികെക്കിട്ടിയത്. എങ്കിലും ഇനി വീല്‍ചെയറില്‍ തുടരണമെന്ന വലിയ യാഥാര്‍ഥ്യം ആതിരയുടെ ആത്മബലത്തെ ആകെ ചോര്‍ത്തിക്കളഞ്ഞില്ല. നാല് തവണ സിവില്‍ സര്‍വീസ് പരീക്ഷയെഴുതി. ഐഎംസ് ആണ് ലക്ഷ്യം. കണ്‍സിസ്റ്റന്‍സി കൈവിടരുതെന്നും ഒരു പരാജയം കൊണ്ട് ശ്രമങ്ങളൊന്നും ഉപേക്ഷിക്കരുതെന്നുമാണ് ആതിരയ്ക്ക് പറയാനുള്ളത്.ഐഎംസ് ആണ് ലക്ഷ്യം. കണ്‍സിസ്റ്റന്‍സി കൈവിടരുതെന്നും ഒരു പരാജയം കൊണ്ട് ശ്രമങ്ങളൊന്നും ഉപേക്ഷിക്കരുതെന്നുമാണ് ആതിരയ്ക്ക് പറയാനുള്ളത്.

പണത്തിന്റെ ബുദ്ധിമുട്ടുകളൊന്നും തന്നെയറിയിക്കാതെ കടംവാങ്ങിയായാലും തന്നെ ഫോര്‍ച്യൂണ്‍ അക്കാദമിയില്‍ കോച്ചിംഗിന് വിട്ട മാതാപിതാക്കള്‍ക്ക് നന്ദി പറയുന്നു ശ്രീജ. എത്ര ചെറിയ പണിയാണെങ്കിലും അതില്‍ അങ്ങേയറ്റം ആത്മാര്‍ഥമായി പരിശ്രമിക്കുന്ന അച്ഛനാണ് ശ്രീജയുടെ മാതൃക. 15 റാങ്കെന്ന സ്വപ്‌നം ശ്രീജ വീടിന്റെ ഭിത്തിയില്‍ എഴുതിയിട്ടു. ‘ആദ്യ പത്തിനുള്ളില്‍ എത്തുക എന്നത് കുറച്ച് കൂടിപ്പോയില്ലേ ശ്രീജേ എന്ന് ഞാന്‍ സ്വയം ചോദിച്ചു. എനിക്ക് പറ്റിയ റാങ്ക് 15 എന്ന് വെറുതെ തോന്നി അത് എഴുതിവച്ചു. ചില ദിവസം നല്ല മടി തോന്നുമ്പോഴും ഈ എഴുതിയിട്ടത് എനിക്ക് ഊര്‍ജം പകര്‍ന്നു’. ജയിക്കാന്‍ എളുപ്പവഴികളില്ലെന്ന് ഓര്‍മിക്കണമെന്നും കഷ്ടപ്പെടാതെ ഒന്നും നേടാനാകില്ലെന്നും ശ്രീജ കൂട്ടിച്ചേര്‍ത്തു. ഗുഡ്‌മോണിങ് വിത്ത് ആര്‍ ശ്രീകണ്ഠന്‍ നായര്‍ എന്ന പരിപാടിയിലായിരുന്നു രണ്ട് മിടുക്കികളുടേയും പ്രതികരണം.