ശബരിമല സ്വർണക്കൊള്ള കേസ്; എ പത്മകുമാർ ജയിൽ മോചിതനായി

ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാർ ജയിൽ മോചിതനായി. 105 ദിവസത്തെ ജയിൽവാസത്തിന് ശേഷമാണ് പത്മകുമാർ പുറത്തിറങ്ങുന്നത്. ദ്വാരപാലക ശിൽപപാളി കേസിൽ കൊല്ലം വിജിലൻസ് കോടതി സ്വാഭാവിക ജാമ്യം അനുവദിച്ചതോടെയാണ് പത്മകുമാർ ജയിൽമോചിതനായത്.കഴിഞ്ഞ വർഷം നവംബർ 20നാണ് ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ.പത്മകുമാറിനെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. കട്ടിളപ്പാളി കേസിലായിരുന്നു ആദ്യ അറസ്റ്റ്. ഡിസംബർ നാലിന് ദ്വാരപാലക ശില്‍പ്പകേസിലും അറസ്റ്റ് രേഖപ്പെടുത്തി. അന്വേഷണ സംഘം ഇടക്കാല കുറ്റപത്രം സമർപ്പിക്കാതെ വന്നതോടെ കട്ടിളപ്പാളി കേസിൽ നേരത്തെ ജാമ്യം അനുവദിച്ചു. ദ്വാരപാലക ശില്പ കേസിലാണ് കോടതി ഇന്ന് ജാമ്യം നൽകിയത്. കേസിൽ പുറത്തിറങ്ങുന്ന എട്ടാമത്തെ പ്രതിയാണ് എ പത്മകുമാർ. ഇതിനിടെ ഇന്ന് സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് തന്ത്രി കണ്ഠരര് രാജീവരെ ഇ ഡി ചോദ്യം ചെയ്തു. കൊച്ചിയിലെ ഓഫീസിലായിരുന്നു ചോദ്യം ചെയ്യൽ. തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എൻ വാസുവിനെ വീണ്ടും ഇ ഡി ചോദ്യം ചെയ്യും. മൊഴികളിൽ അവ്യക്തതതയെന്നാണ് ഇ ഡി വിലയിരുത്തൽ.