നിയമസഭാ തിരിഞ്ഞെടുപ്പിന്റെ പ്രാരംഭ ചർച്ചകളിലേക്ക് കടക്കുകയാണ് യുഡിഎഫ്. നിലവിലുള്ള സിറ്റുകളിൽ വിജയസാധ്യതയുള്ള സ്ഥാനാർഥികൾ ആരൊക്കെയെന്നും, ഏതൊക്കെ സീറ്റുകളിൽ മാറ്റങ്ങളുണ്ടാവണമെന്നുമുള്ള പ്രാഥമിക ചർച്ചകൾക്കാണ് തുടക്കമിട്ടിരിക്കുന്നത്. പാർലമെന്റ് തിരഞ്ഞെടുപ്പിൽ തൃശ്ശൂരിൽ വൻ തിരിച്ചടി നേരിട്ട കെ മുരളീധരനെ ഗുരുവായൂരിൽ നിർത്തി വിജയിപ്പിക്കാനുള്ള നീക്കത്തിലാണ് തൃശ്ശൂർ ഡി സി സി. മുസ്ലിംലീഗിന്റെ കൈയ്യിലുള്ള ഗുരുവായൂരും പട്ടാമ്പിയും തമ്മിൽ വച്ചുമാറാനുള്ള നീക്കമാണ് നടക്കുന്നത്.
പാർട്ടി ആരെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചാലും അവരെ വിജയിപ്പിക്കുകയാണ് നേതൃത്വത്തിന്റെ കടമയെന്നാണ് ഡി സി സി അധ്യക്ഷൻ ജോസഫ് ടാജറ്റിന്റെ ആദ്യ പ്രതികരണം. എന്നാൽ താൻ മത്സരിക്കാനില്ലെന്നും, തിരഞ്ഞെടുപ്പിന് നേതൃത്വം നൽകാനാണ് താല്പര്യമെന്നുമാണ് കെ മുരളീധരൻ പറയുന്നത്. തൃശ്ശൂരിലെ തോൽവിയോടെ താൻ വഞ്ചിക്കപ്പെട്ടുവെന്ന നിലപാടിലായിരുന്നു മുരളീധരൻ. പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ മുരളീധരന്റെ പേര് ഉയർന്നുവന്നുവെങ്കിലും അവസാനഘട്ടത്തിൽ രാഹുൽ മാങ്കൂട്ടത്തിലിനെ സ്ഥാനാർഥിയാക്കി. വടകരയിൽ മത്സരിക്കാനുള്ള തയ്യാറെടുപ്പുകൾക്കിടയിലായിരുന്നു മുരളീധരനെ തൃശൂരിൽ സ്ഥാനാർഥിയാക്കാൻ കെ പി സി സി തീരുമാനിക്കുന്നത്. വടകരയിലെ സിറ്റിംഗ് സീറ്റ് വിട്ട് മുരളീധരൻ തൃശ്ശൂലിലെത്തിയത് തെറ്റായിരുന്നുവെന്നും, വടകരയിൽ ജയിക്കാനുള്ള അവസരമുണ്ടായിരുന്നുവെന്നുമാണ് കെ മുരളീധരൻ പിന്നീട് പ്രതികരിച്ചത്.
തൃശ്ശൂരിൽ സിറ്റിംഗ് എം പിയായിരുന്ന ടി എൻ പ്രതാപനെ അവസാനഘട്ടത്തിൽ മാറ്റിയാണ് കെ മുരളീധരനെ തൃശ്ശൂരിൽ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്. ഇതോടെ തൃശ്ശൂരിലെ കോൺഗ്രസ് പ്രവർത്തകർ രണ്ടുതട്ടിലായി. പ്രതാപൻ പോസ്റ്ററുകളും ബോർഡുകളും ചുവരെഴുത്തുകളും പൂർത്തിയാക്കിയതിന് ശേഷം ഉണ്ടായ സ്ഥാനാർഥി മാറ്റം തിരച്ചടിയുടെ ആഘാതം വർധിപ്പിച്ചു. ജില്ലാ കോൺഗ്രസ് അധ്യക്ഷനടക്കം പ്രമുഖ നേതാക്കൾ കെ മുരളീധരനെ തോൽപ്പിക്കുന്നതിനായി നീക്കങ്ങൾ നടത്തിയെന്ന ആരോപണം ഉയർന്നു. ഇതോടെ ജില്ലാ കമ്മിറ്റി പിരിച്ചുവിട്ടു. തോൽവി പഠിക്കാൻ കമ്മിറ്റിയുണ്ടാക്കി. എന്നാൽ കമ്മിറ്റി എന്താണ് കണ്ടെത്തിയതെന്നോ മുരളീധരനെ പരാജയപ്പെടുത്താനായി കരുനീക്കിയ ശക്തികൾ ആരാണെന്നോ എന്നൊക്കെ ഇന്നും അജ്ഞാതമാണ്.
തദേശ തിരഞ്ഞെടുപ്പിൽ വൻ നേട്ടമുണ്ടാക്കിയതോടെ യു ഡി എഫ് ക്യാമ്പ് തികഞ്ഞ ആത്മവിശ്വാസത്തിലാണ്. തൃശ്ശൂരിൽ കെ മുരളീധരനുണ്ടായ തിക്താനുഭവം ആവർത്തിക്കാതിരിക്കാനുള്ള ജാഗ്രത പാലിക്കുമെന്നാണ് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കുന്നത്. കെ മുരളീധരൻ തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവർത്തിച്ചുവരികയാണിപ്പോൾ. തിരെഞ്ഞെടുപ്പ് പ്രഖ്യാപിക്കുവന്നതിന് മുൻപ് തന്നെ സ്ഥാനാർഥികളുടെ കാര്യത്തിൽ വ്യക്തത വരുത്തി തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കുകയെന്നതാണ് കോൺഗ്രസിന്റെ നീക്കം. കഴിഞ്ഞ തവണയുണ്ടായ വീഴ്ചകൾ ആവർത്തിക്കാതെ വ്യക്തമായ നീക്കങ്ങളാണ് യു ഡി എഫ് നടത്തുന്നത്.
മലബാറിൽ കൂടുതൽ സീറ്റുകൾ വേണമെന്നാണ് മുസ്ലിംലീഗിന്റെ പ്രധാന ആവശ്യം. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുൻപ് ഇത്തരം വിഷയങ്ങളിൽ തീരുമാനം കൈക്കൊള്ളേണ്ടതുണ്ട്. തിരഞ്ഞെടുപ്പിന് മുൻപുതന്നെ സ്ഥാനാർഥികളുടെ കാര്യത്തിൽ മുസ്ലിംലീഗും കോൺഗ്രസും തമ്മിലുള്ള സീറ്റ് ചർച്ചകൾ ആരംഭിച്ചിട്ടില്ലെങ്കിലും ലീഗ് രണ്ട് സീറ്റുകൾ അധികം ചോദിക്കാനുള്ള സാധ്യതയുെണ്ടന്നാണ് ലഭ്യമാവുന്ന റിപ്പോർട്ടുകൾ. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലായാണ് ലീഗ് സീറ്റ് ആവശ്യപ്പെടുക. യു ഡി എഫിലേക്ക് പുതുതായി എത്തിയ അസോസിയേറ്റ് മെമ്പർമാരായ പി വി അൻവർ, സി കെ ജാനു എന്നിവർക്ക് നൽകേണ്ട സീറ്റ് എന്നിവയിലും ധാരണയുണ്ടാവേണ്ടതുണ്ട്.
പാർലമെന്റിൽ ഇപ്പോൾ രണ്ട് സീറ്റാണ് ലീഗിനുള്ളത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഒരു സീറ്റുകൂടി വേണമെന്ന് ലീഗ് നേതൃത്വം യു ഡി എഫിൽ ആവശ്യമുന്നയിച്ചിരുന്നു. വയനാട് അല്ലെങ്കിൽ വടകര സീറ്റാണ് ലീഗ് ലക്ഷ്യമിട്ടിരുന്നത്. എന്നാൽ വയനാട്ടിൽ സിറ്റിംഗ് എം പി രാഹുൽ ഗാന്ധി വീണ്ടും മത്സരിക്കാൻ തീരുമാനിച്ചതോടെ വടകര കിട്ടണമെന്ന് വാദിച്ചു. എന്നാൽ വടകര വിട്ടുകൊടുക്കാൻ കഴിയില്ലെന്ന് കോൺഗ്രസ് വ്യക്തമാക്കിയതോടെ പകരം രാജ്യസഭാ സീറ്റ് നൽകുകയായിരുന്നു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ രണ്ട് സീറ്റ് അധികമെന്ന ആവശ്യം ശക്തമായി ഉന്നയിക്കാനാണ് ലീഗ് നീക്കം.








