കോഴിക്കോട് പയ്യോളിയിൽ പഴകിയ ഭക്ഷ്യവസ്തുക്കള്‍ സൂക്ഷിച്ച സ്ഥാപനം അടച്ചുപൂട്ടി ഭക്ഷ്യ സുരക്ഷാ വകുപ്പ്.കാലാവധി കഴിഞ്ഞതും ഗുണനിലവാരമില്ലാത്തതുമായ ഭക്ഷ്യവസ്തുക്കള്‍ സൂക്ഷിച്ച പയ്യോളിയിലെ ഷെറിൻ ഫുഡ്സ് എന്ന സ്ഥാപനമാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് അടച്ചുപൂട്ടിയത്.
രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു ഭക്ഷ്യ സുരക്ഷാ വകുപ്പിൻ്റെ പരിശോധന. പഴകിയതും പൂത്തതുമായ ബ്രഡ് ക്രംസ്, ചപ്പാത്തി, ബണ്ണ്, റസ്ക് തുടങ്ങിയവ പൊടിച്ച് സൂക്ഷിച്ച് കട്ലറ്റ്, എണ്ണക്കടികള്‍, ഫാസ്റ്റ് ഫുഡ് തുടങ്ങിയവയുടെ നിര്‍മാണത്തിന് വിതരണം ചെയ്യുന്ന സ്ഥാപനമാണിത്.
ഏകദേശം 3000 കിലോ ക്രംസ്, 500 കിലോ ചപ്പാത്തി തുടങ്ങിയവയാണ് ഇവിടെ നിന്ന് പിടിച്ചെടുത്തത്.
കാലിത്തീറ്റ ഉണ്ടാക്കാനെന്നു പറഞ്ഞാണ് കടക്കാരില്‍നിന്നും മറ്റും ഗുണനിലവാരമില്ലാത്ത ഭക്ഷ്യവസ്തുക്കള്‍ ശേഖരിച്ചിരുന്നത്. ബംഗളൂരുവിൽ നിന്ന് ഉൾപ്പടെ ഇത്തരത്തിൽ ഭക്ഷ്യ വസ്തുക്കൾ കൊണ്ടുവന്നിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ട്. നിലവിൽ കട അടച്ചുപൂട്ടാൻ നിർദേശം നൽകിയിട്ടുണ്ട് ഭക്ഷ്യവസ്തുക്കളുടെ സാംപിൾ ശേഖരിച്ചിട്ടുണ്ട്. ഇവയുടെ പരിശോധനാ ഫലം ലഭിച്ചയുടന്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.






