Headlines

അർച്ചനയുടെ മരണം: ഭർതൃമാതാവ്‌ അറസ്റ്റിൽ, സ്ത്രീധന പീഡന വകുപ്പുകള്‍ ചുമത്തി

തൃശൂർ വരന്തരപ്പിള്ളിയിൽ ഗർഭിണിയായ യുവതി തീ കൊളുത്തി മരിച്ച സംഭവത്തിൽ ഭർതൃമാതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. നന്തിപുലം മാട്ടുമല മാക്കോത്ത് രജനി (49)യെയാണ് അറസ്റ്റ് ചെയ്തത്. കോടതി പ്രതിയെ റിമാൻഡ് ചെയ്തു. നേരത്തെ, അർച്ചനയുടെ അച്ഛന്റെ പരാതിയിൽ ഭർത്താവ് ഷാരോണിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഷാരോണിൻ്റെ അമ്മയെയും പൊലീസ് അറസ്റ്റ് ചെയ്തത്. സ്ത്രീധന പീഡന വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.

നവംബർ 26 ന് വൈകിട്ട്‌ നാലോടെയാണ്‌ രജനിയുടെ മകൻ ഷാരോണിന്റെ ഭാര്യ അർച്ചന (20) യെ വീടിനോട് ചേർന്നുള്ള കനാലിൽ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. മരിക്കുമ്പോൾ അർച്ചന അഞ്ച്‌ മാസം ഗർഭിണി ആയിരുന്നു.

ആറ് മാസം മുൻപാണ് ഷാരോണും അർച്ചനയും തമ്മിൽ പ്രണയ വിവാഹം നടന്നത്. ഷാരോൺ വീട്ടുകാരുമായി സംസാരിക്കാൻ പോലും അർച്ചനയെ അനുവദിച്ചിരുന്നില്ല. കോളജിനു മുന്നിൽവെച്ച് ഒരിക്കൽ അർച്ചനയെ മർദിച്ചപ്പോൾ സെക്യൂരിറ്റി ജീവനക്കാരൻ ഇടപെട്ടാണ് രക്ഷിച്ചത്. വീട്ടിൽ എന്നും വഴക്ക് പതിവായിരുന്നുവെന്നും അർച്ചനയുടെ ബന്ധുക്കൾ പറഞ്ഞു.