എറണാകുളം-ബംഗ്ലൂരു വന്ദേഭാരത് സര്‍വീസ് ഉദ്‌ഘാടനത്തിനിടെ സ്‌കൂള്‍ കുട്ടികളെക്കൊണ്ട് ഹിന്ദു രാഷ്ട്ര നിര്‍മിതിയെ കുറിച്ച് പറയുന്ന ഗണ ഗീതം പാടിപ്പിച്ച ദക്ഷിണ റെയില്‍വെയുടെ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്‌താവനയില്‍ പറഞ്ഞു.
വന്ദേഭാരത് സര്‍വീസ് പ്രധാനമന്ത്രി വാരാണസിയില്‍ വെച്ച് ഓണ്‍ലൈനായി ഫ്‌ളാഗ് ഓഫ് ചെയ്‌ത ശേഷമാണ് ദേശഭക്തിഗാനമെന്ന മറവില്‍ കുട്ടികളെക്കൊണ്ട് ആര്‍.എസ്.എസിന്റെ ഗണഗീതം പാടിച്ചത്. സ്വാന്തന്ത്ര്യ സമരത്തില്‍ പങ്കെടുക്കാതെ മാറി നിന്ന, രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിയെ വെടിവെച്ചു കൊന്ന, ഇന്ത്യന്‍ ഭരണഘടനയെയും ദേശീയ പതാകയെയും മാനിക്കാത്ത പ്രത്യയശാസ്‌ത്രത്തിന്റെ ഉടമകളാണ് ആര്‍.എസ്.എസ്. അവരുടെ ഗണഗീതം ദേശഭക്തിയല്ല മറിച്ച് വിദ്വേഷവും വെറുപ്പുമാണ് സുഷ്ടിക്കുന്നത്.
ഇന്ത്യ എന്ന ആശയരൂപീകരണത്തില്‍ പ്രധാന പങ്കുവഹിച്ച റെയില്‍വെയെ തന്നെ ജനങ്ങളെ ഭിന്നിപ്പിക്കാനും ഉപയോഗിക്കുന്നത് പ്രതിഷേധാര്‍ഹമാണ്. മതനിരപേക്ഷതയുടെ ശക്തികേന്ദ്രമായ കേരളത്തെ വര്‍ഗീയവല്‍കരിക്കാന്‍ നേരത്തേ ഗവര്‍ണര്‍ ഓഫീസിനെ ഉപയോഗിച്ചതുപോലെ ഇപ്പോള്‍ പൊതുമേഖലാ സ്ഥാപനമായ റെയില്‍വെയെയും ഉപയോഗിക്കുകയാണ്. വര്‍ഗീയ പ്രചാരണത്തിന് കുട്ടികളെ പോലും കരുവാക്കുന്ന റെയില്‍വെയുടെ നടപടി അങ്ങേയറ്റവും അപലപനീയവും നീചവും ജനാധിപത്യ വിരുദ്ധവുമാണ്. ഇതിനെതിരെ എല്ലാ മതനിരപേക്ഷ ജനാധിപത്യ വിശ്വാസികളും ശക്തമായ പ്രതിഷേധം ഉയര്‍ത്തണമെന്നും സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്‌താവനയില്‍ പറഞ്ഞു.





