ഗസ്സ സിറ്റി പൂർണമായി നശിച്ചെന്ന് ഇസ്രയേൽ-ഹമാസ് യുദ്ധത്തിനിടെ ഗസ്സയിൽ സേവനം ചെയ്ത മലയാളി ഡോക്ടർ എസ് എസ് സന്തോഷ് കുമാർ. ലോകാരോഗ്യസംഘടനയുടെ എമർജൻസി മെഡിക്കൽ ടീമിന്റെ ഭാഗമായാണ് ഡോക്ടർ എസ് എസ് സന്തോഷ് കുമാർ ഗസയിലെ അൽ മവാസിയിലെ നാസർ ആശുപത്രിയിലെത്തിയത്. വെടിനിർത്തലിന് ശേഷവും വലിയ മാറ്റങ്ങൾ ഉണ്ടായിട്ടില്ല. ഗസ്സ സിറ്റിയിലുണ്ടായിരുന്ന എല്ലാ കെട്ടിടങ്ങളും ഇസ്രയേൽ തകർത്തുവെന്ന് ഡോ. സന്തോഷ് പറഞ്ഞു.
ഗസ്സ സിറ്റി വാസയോഗ്യമല്ലാത്ത നിലയിലേക്ക് മാറി. എല്ലാ കെട്ടിടങ്ങളും ഇടിച്ചുനിരത്തി തരിശ് നിലമായി മാറിയെന്ന് സന്തോഷ് പറയുന്നു. കൂട്ടാപാലായനമാണ് ഇവിടെ നിന്ന് നടന്നത്. ഒരു മിസൈൽ വന്ന് വീണ് കഴിഞ്ഞാൽ നൂറു കണക്കിന് ആളുകളാണ് മരിച്ചു വീഴുന്നത്. ഒരു ടെന്റിൽ 25 ആളുകൾ വരെയാണ് താമസിക്കുന്നത്. കോൺസെൻട്രേഷൻ ക്യാമ്പുകൾ പോലെയാക്കി മാറ്റുകയാണ് ചെയ്തിരിക്കുന്നത്. ഭക്ഷണം പോലും ജനങ്ങൾക്ക് ലഭിക്കാത്ത സാഹചര്യമാണെന്ന് ഡോക്ടർ സന്തോഷ് പറയുന്നു.
ഗസ്സയിലെ ജനജീവിതത്തിൽ വലിയ വ്യത്യാസങ്ങൾ ഉണ്ടായിട്ടില്ല. എല്ലാ ദിവസവും റെഡ് ഏരിയയിൽ മാത്രം 50 മുതൽ 100 വരെ ആളുകളാണ് മണിക്കൂറിൽ എത്തുന്നത്. കുട്ടികളുടെ മരണമാണ് വിഷമകരം. കുട്ടികളുടെ മൃതദേഹം കൂട്ടിയിട്ട് കഴുത വണ്ടിയിലാണ് എത്തിക്കുന്നത്. കുട്ടികളുടെ ശരീരത്തിലേക്ക് അമ്പതിലേറെ ബുള്ളറ്റുകളാണ് തറയ്ക്കുന്നത്. തത്ക്ഷണം കുട്ടികൾ മരിച്ചുവീഴുകയാണെന്ന് ഡോ. സന്തോഷ് പറയുന്നു.
ഇസ്രയേൽ-ഹമാസ് യുദ്ധത്തിൽ നമ്മുക്ക് താത്പര്യമുള്ള രീതിയ്ക്ക് ചരിത്രം എടുക്കരുത്. ഇപ്പോഴത്തെ പ്രശ്‌നത്തിന് പരിഹാരമുണ്ടാകു എന്നതാണ് വേണ്ടത്. മനുഷ്യന് ദുർഗതിയ്ക്ക് അവസാനിച്ചേ മതിയാകൂവെന്ന് സന്തോഷ് പറയുന്നു. ആരോഗ്യപ്രവർത്തകർ കഴിയുന്ന ടെന്റുകൾ വരെ ആക്രമിച്ചു. ടെന്റുകളിൽ വരെ മിസൈൽ ആക്രമണം നടത്തിയിരുന്നുവെന്ന് സന്തോഷ് പറഞ്ഞു. മരുന്ന് കിട്ടാതെയും ഭക്ഷണം കിട്ടാതെയും നിരവധി പേരാണ് ഗസ്സയിൽ മരിച്ചു വീഴുന്നത്. 50 ശതമാനമാണ് നവജാത ശിശുക്കളുടെ മരണം റിപ്പോർട്ട് ചെയ്യുന്നത്. ആശുപത്രികളിൽ ജോലി ചെയ്യുന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്. ദുർബലമായ കാരണങ്ങൾ കൊണ്ടാണ് ഇപ്പോൾ ആക്രമണം നടത്തികൊണ്ടിരിക്കുന്നതെന്ന് ഡോ.എസ്എസ് സന്തോഷ് പറഞ്ഞു.
രണ്ടാം ഘട്ട വെടിനിർത്തലിൽ എന്ത് സംഭവിക്കുമെന്ന് പറയാൻ കഴിയില്ല. ഗസ്സയിലെ ജനങ്ങൾ നിലവിൽ 20 കിലോമീറ്ററിനുള്ളിലേക്ക് ചുരുങ്ങി. ഇനി അവർ അവിടെ തുടരാനാണ് സാധ്യത. എല്ലാവരെയും ഒഴിപ്പിച്ച് എടുക്കാനാണ് ഇസ്രയേൽ ശ്രമിക്കുന്നതെന്ന് അദേഹം പറഞ്ഞു. അടുത്ത യാത്ര സുഡാനിലേക്കാകുമെന്ന് ഡോ.എസ്എസ് സന്തോഷ് പറഞ്ഞു. അവിടെ രൂക്ഷമായ ആക്രമണമാണ് നടക്കുന്നത്. സുഡാനിലെ വിവരങ്ങൾ ഒന്നും ലഭ്യമല്ല. സാറ്റ്ലൈറ്റ് ചിത്രങ്ങൾ വഴിയാണ് വിവരങ്ങൾ ലഭിക്കുന്നത്. ഗസ്സയിലേതിനേക്കാൾ ഗുരുതരമായ സാഹചര്യമാണ് സുഡാനിലെ കാര്യങ്ങളെന്ന് ഡോ. സന്തോഷ് കൂട്ടിച്ചേർത്തു.





