സാമ്പത്തിക തട്ടിപ്പ് നടത്തി മുങ്ങിയ പോപ്പുലർ ഫിനാൻസ് ഉടമ റോയി ഡാനിയേലിന്റെ രണ്ട് മക്കൾ വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടയിൽ പിടിയിൽ.
റിനു മറിയം തോമസ്, റിയ ആൻ തോമസ് എന്നിവരാണ് ദില്ലി എയർപോർട്ടിൽ പിടിയിലായത്. ഇരുവരും ഓസ്ട്രേലിയയിലേക്ക് കടക്കാനായിരുന്നു ശ്രമിച്ചത്. ഇവർക്കെതിരെ നേരത്തെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. എയർ പോർട്ട് അധികൃതർ തടഞ്ഞ് വെച്ച് ഇവരെ പൊലീസിന് കൈമാറുകയായിരുന്നു. ഇവരെ അന്വേഷണ സംഘത്തിന് കൈമാറുമെന്നാണ് വിവരം.
അതേസമയം, വകയാറിലെ കമ്പനിയുടെ ആസ്ഥാന മന്ദിരത്തിൽ പത്തനംതിട്ട സബ് കോടതി നോട്ടീസ് പതിച്ചു. പോപ്പുലർ ഫിനാൻസിലെ ഒരു നിക്ഷേപകന്റെ ഹർജിയുടെ അടിസ്ഥാനത്തിലാണ് കോടതി നടപടി. 46 ലക്ഷം രൂപയാണ് ഇയാൾക്ക് കിട്ടാനുള്ളത്. കമ്പനിയുടെ ആസ്ഥാന മന്ദിരത്തിൽ പൊലീസ് പരിശോധന നടത്തി. പോപ്പുലർ ഫിനാൻസ് ഉടമ റോയ് ഡാനിയേലിന് പുറമെ ഡയറക്ടർ ബോർഡ് അംഗങ്ങളും കേസിൽ പ്രതികളാകും എന്നാണ് സൂചന.