ലഡാക്ക് പ്രക്ഷോഭത്തില്‍ കസ്റ്റഡിയിലെടുത്ത 30 പേരെ ഇതിനോടകം വിട്ടയച്ചതായി ഭരണകൂടം. സമാധാന ചര്‍ച്ചകള്‍ അട്ടിമറിക്കാന്‍ ചിലര്‍ ശ്രമിച്ചു എന്ന് ആരോപണം.
സംസ്ഥാന പദവിയടക്കം വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ലഡാക്കില്‍ നടന്ന പ്രക്ഷോഭത്തില്‍ 70 പേരെയാണ് കസ്റ്റഡിയിലെടുത്തത്. ഇതില്‍ 30 പേരെ ഇതിനോടകം വിട്ടയച്ചതായി ലഡാക്ക് ഭരണകൂടം വ്യക്തമാക്കി. കോടതി നടപടികള്‍ അനുസരിച്ച് ബാക്കിയുള്ള 40 പേരെയും മോചിപ്പിക്കും. സമാധാന ശ്രമങ്ങള്‍ അട്ടിമറിക്കാന്‍ സോനം വാങ് ചുക് ശ്രമിച്ചുവെന്നും ലഡാക്കുമായി ബന്ധപ്പെട്ട് ഇതിനോടൊപ്പം നടന്ന ചര്‍ച്ചകള്‍ എല്ലാം ഫലം കണ്ടിട്ടുണ്ടെന്നും ലഡാക്ക് ചീഫ് സെക്രട്ടറി പവന്‍ കോട്വാള്‍ പറഞ്ഞു.
അതേസമയം, സോനം വാങ്ചുകിന്റ അറസ്റ്റില്‍ ഭാര്യ ഗീതാഞ്ജലി ആങ് മോ നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി സുപ്രീംകോടതി നാളെ പരിഗണിക്കും. ജസ്റ്റിസ് അരവിന്ദ് കുമാര്‍, എന്‍.വി. അഞ്ജരിയ എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക. ദേശീയ സുരക്ഷാ നിയമം ചുമത്തി അറസ്റ്റ് ചെയ്ത സോനം വാങ്ചുക് നിലവില്‍ ജോധ്പൂര്‍ ജയിലിലാണ്.
കേന്ദ്രവുമായി നാളെ നടക്കാനിരുന്ന ചര്‍ച്ചകളില്‍ നിന്ന് പിന്മാറിയെങ്കിലും സംഘടനകളെ വീണ്ടും ചര്‍ച്ചയ്ക്ക് എത്തിക്കാനുള്ള ശ്രമങ്ങള്‍ കേന്ദ്രം തുടരുകയാണ്. അതിനിടെ നേപ്പാളിലെ ജെന്‍ സി പ്രക്ഷോഭം സൂക്ഷ്മമായി പഠിക്കാനുള്ള തീരുമാനത്തിലാണ് ഡല്‍ഹി പൊലീസ്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പ്രത്യേക യോഗം ചേര്‍ന്നു.