Headlines

ലക്ഷത്തിലേക്ക് ഇപ്പോള്‍ മുട്ടും; സ്വര്‍ണവില പവന് 86,000 രൂപ കടന്നു

സ്വര്‍ണവിലയില്‍ വന്‍ കുതിച്ചുചാട്ടം. ഒരു പവന്‍ സ്വര്‍ണവില കേരളത്തില്‍ ചരിത്രത്തിലാദ്യമായി 86000 രൂപ കടന്നു. പവന് 1040 രൂപയാണ് ഇന്ന് ഉയര്‍ന്നിരിക്കുന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 86,760 രൂപയായി. ഗ്രാമിന് 130 രൂപയാണ് ഇന്ന് വര്‍ധിച്ചിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് ഗ്രാമിന് 10,845 രൂപ എന്ന നിരക്കിലാണ് സ്വര്‍ണ വ്യാപാരം നടക്കുന്നത്. രണ്ട് ദിവസം കൊണ്ട് മാത്രം ഒരു പവന്‍ സ്വര്‍ണത്തിന്റെ വിലയിലുണ്ടായത് 2080 രൂപയുടെ വര്‍ധനയാണ്.

ആഗോള സാഹചര്യങ്ങളാണ് സ്വര്‍ണവില കുതിച്ചുയരാന്‍ കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. യുഎസ് ഡോളര്‍ ദുര്‍ബലമാകുന്നത് ഉള്‍പ്പെടെ സ്വര്‍ണവില ഉയരാന്‍ കാരണമാകുന്നുണ്ട്. അതിനൊപ്പം നവരാത്രിയും മഹാനവമിയും ദീപാവലിയും ഉള്‍പ്പെടെയുള്ള വിശേഷ ദിവസങ്ങള്‍ വരാനിരിക്കുന്നതും ഡിമാന്റ് ഉയര്‍ത്തിയിട്ടുണ്ട്.

ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.

അതേസമയം, രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന് വില കുറഞ്ഞാല്‍ ഇന്ത്യയില്‍ വില കുറയണമെന്ന് നിര്‍ബന്ധമില്ല. രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങള്‍ ഇന്ത്യയിലെ സ്വര്‍ണവില നിശ്ചയിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കും.