Headlines

കെ ജെ ഷൈനെതിരായ സൈബർ ആക്രമണം;സി കെ ഗോപാലകൃഷ്ണന്റെ മുൻ‌കൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

സിപിഐഎം നേതാവ് കെ ജെ ഷൈൻ നൽകിയ സൈബർ ആക്രമണ പരാതിയിൽ ഒന്നാംപ്രതി സി കെ ഗോപാലകൃഷ്ണന്റെ മുൻ‌കൂർ ജാമ്യാപേക്ഷ എറണാകുളം ജില്ലാ സെഷൻസ് കോടതി ഇന്ന് പരിഗണിച്ചേക്കും. ജാമ്യാപേക്ഷയിൽ നിന്ന് പൊലീസ് റിപ്പോർട്ട് കൈമാറും. അറസ്റ്റ് ചെയ്ത രണ്ടാം പ്രതി കെ എം ഷാജഹാനെ ഇന്നലെ എറണാകുളം സിജെഎം കോടതി ജാമ്യം നൽകി വിട്ടയച്ചിരുന്നു.

ജാമ്യമില്ലാ വകുപ്പ് പ്രകാരമായിരുന്നു ഷാജഹാന്റെ അറസ്റ്റ്. സ്ത്രീത്വത്തെ അപമാനിച്ചെന്ന കുറ്റവും ഐടി ആക്ടിലെ വിവിധ വകുപ്പുകളുമാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. അന്വേഷണത്തോട് സഹകരിക്കണം. തെളിവ് നശിപ്പിക്കരുത്. ഇരുപത്തിഅയ്യായിരം രൂപയുടെ ബോണ്ട്. സമാനമായ കുറ്റകൃത്യം ആവർത്തിക്കരുത് ഇതെല്ലാമാണ് ജാമ്യ വ്യവസ്ഥ. കെ ജെ ഷൈൻ നൽകിയ പരാതിയിൽ രണ്ടു കേസുകളാണ് കെ എം ഷാജഹാനെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്.

കെ എം ഷാജഹാനെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് നേരിട്ട് തിരിച്ചടി മറികടക്കാനുള്ള ശ്രമത്തിലാണ് സൈബർ പൊലീസ്. കേസിൽ കൂടുതൽ പേരെ പ്രതിചേർക്കാൻ ഉള്ള പരിശോധനകൾ പുരോഗമിക്കുകയാണ്. ഇതുവരെ നാലോളം മൊബൈൽ ഫോണുകൾ പിടിച്ചെടുത്തിട്ടുണ്ട്.