Headlines

ഓപ്പറേഷന്‍ സിന്ദൂര്‍ കനത്ത ആഘാതമുണ്ടാക്കിയെന്ന് സമ്മതിച്ച് ജെയ്‌ഷെ മുഹമ്മദ് കമാന്‍ഡര്‍; മസൂദ് അസ്ഹറിന്റെ കുടുംബാംഗങ്ങള്‍ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ചു

ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാഗമായി ഇന്ത്യ നടത്തിയ ശക്തമായ തിരിച്ചടിയില്‍ ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിന്റെ കുടുംബാംഗങ്ങള്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് കമാന്‍ഡര്‍ മസൂദ് ഇല്ല്യാസ് കശ്മീരി. അടുത്തിടെ നടന്ന പൊതുപരിപാടിക്കിടെയാണ് ഇല്ല്യാസ് ഇക്കാര്യം വെളിപ്പെടുത്തിയത്. ബഹാവല്‍പുരില്‍ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തില്‍ മസൂദ് അസ്ഹറിന്റെ കുടുംബത്തിലെ പത്ത് പേര്‍ കൊല്ലപ്പെട്ടതായിട്ടാണ് വെളിപ്പെടുത്തല്‍.

മെയ് ഏഴിന് നടന്ന ഓപറേഷനില്‍ ജെയ്‌ഷെ മുഹമ്മദിന്റെ തലവന്‍ മസൂദ് അസ്ഹര്‍ ഉള്‍പ്പടെ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും സ്ഥിരീകരിച്ചിരുന്നില്ല. അതിനിടയിലാണ് ഇല്യാസ് കശ്മീരിയുടെ വീഡിയോ പുറത്തുവന്നത്. ഇന്ത്യയുടെ ആക്രമണം വലിയ ആഘാതമുണ്ടാക്കിയെന്ന്അംഗീകരിക്കുന്ന രീതിയിലാണ് വീഡിയോയില്‍ ഇല്ല്യാസ് സംസാരിക്കുന്നത്.

ഓപ്പറേഷന്‍ സിന്ദൂറില്‍ ജെയ്ഷെ മുഹമ്മദിന്റെ ശക്തികേന്ദ്രമായ ബഹാവല്‍പുരില്‍ കാര്യമായ നാശനഷ്ടങ്ങള്‍ സംഭവിച്ചുവെന്ന ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിഗമനത്തെ ശരിവെക്കുന്നതാണ് മസൂദ് ഇല്യാസിന്റെ പരാമര്‍ശം. അതേസമയം ഇന്ത്യയുടെ അവകാശവാദം തെറ്റാണെന്നായിരുന്നു പാകിസ്താന്റെ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്സും അന്താരാഷ്ട്ര നിരീക്ഷകസംഘവും വിശദീകരിച്ചിരുന്നത്.