വേടനെതിരായ പരാതികള്‍ക്ക് പിന്നില്‍ ഗൂഢാലോചന, സ്ഥിരം കുറ്റവാളിയാക്കാന്‍ ശ്രമം’; മുഖ്യമന്ത്രിക്ക് പരാതി നല്‍കി കുടുംബം

റാപ്പര്‍ വേടനെതിരായ കേസിന് പിന്നില് ഗൂഢാലോചനയെന്ന് കുടുംബം. അന്വേഷണം ആവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിക്ക് പരാതി നല്‍കി. പരാതിക്ക് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചന സംശയിക്കുന്നുണ്ടെന്നും വേടനെ സ്ഥിരം കുറ്റവാളിയാക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നുമാണ് കുടുംബത്തിന്റെ പരാതിയിലുള്ളത്.

തനിക്കെതിരെ ഗുരുതരമായ ഗൂഢാലോചന നടക്കുന്നതായി മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്ന വേളയില്‍ വേടന്‍ തന്നെ കോടതിയെ അറിയിച്ചിരുന്നു. ഗൂഢാലോചനയ്ക്കുള്ള തെളിവുകള്‍ ഉള്‍പ്പെടെ തന്റെ പക്കലുണ്ടെന്നായിരുന്നു വേടന്റെ വാദം. ജാമ്യഹര്‍ജി പരിഗണിക്കുമ്പോള്‍ മറ്റ് രണ്ട് പരാതികള്‍ കൂടി വേടനെതിരെ ഉയര്‍ന്നത് ചൂണ്ടിക്കാട്ടി സംഘടിത ശ്രമങ്ങളാണ് വേടനെതിരെ നടക്കുന്നതെന്ന് കുടുംബം പരാതിയില്‍ സൂചിപ്പിക്കുന്നു.

പരാതിയില്‍ പ്രാഥമിക അന്വേഷണം ഉടന്‍ നടത്തണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. ബലാത്സംഗ കേസില്‍ റാപ്പര്‍ വേടന്റെ ചോദ്യം ചെയ്യല്‍ ഇന്നലെ അവ,ാനിച്ചിരുന്നു. മുന്‍കൂര്‍ ജാമ്യം ലഭിച്ചിട്ടുള്ളതിനാല്‍ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായതിന് ശേഷം വേടനെ വിട്ടയച്ചു. കേസുമായി ബന്ധപ്പെട്ട് എന്തെങ്കിലും പറയാനുണ്ടോ എന്ന ചോദ്യത്തിന് കോടതിയുടെ പരിഗണനയിലുള്ള കേസായതിനാല്‍ ഇപ്പോള്‍ ഒന്നും പറയുന്നില്ല, എല്ലാം പിന്നീട് പറയാം എന്നായിരുന്നു വേടന്റെ മറുപടി. കോടതി നടപടികളുമായി സഹകരിക്കുമെന്നും വേടന്‍ പറഞ്ഞു.