Headlines

ആരാകും ഓളപ്പരപ്പിലെ വേഗരാജാവ്? നെഹ്‌റു ട്രോഫി വള്ളംകളി ഇന്ന്

71മത് നെഹ്‌റു ട്രോഫി വള്ളംകളി പുന്നമടക്കായലില്‍ ഇന്ന് നടക്കും. ചുണ്ടന്‍ അടക്കം ഒന്‍പത് വിഭാഗങ്ങളിലായി 75 കളിവള്ളങ്ങള്‍ മത്സരത്തില്‍ പങ്കെടുക്കും. ഉച്ചയ്ക്ക് 2 മണിയോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ വള്ളംകളി ഉദ്ഘാടനം ചെയ്യും. ഓളപ്പരപ്പിലെ ജലരാജാവ് ആരെന്നറിയാനുള്ള ആകാംഷയിലാണ് വള്ളംകളി പ്രേമികള്‍

ചുണ്ടന്‍ വള്ളങ്ങള്‍ ആദ്യ തുഴയെറിയാന്‍ മണിക്കൂറുകള്‍ മാത്രമേ ബാക്കിയുള്ളൂ. അവസാനവട്ട ഒരുക്കത്തിലാണ് ആലപ്പുഴ. ആരാകും ഈ വര്‍ഷത്തെ ജലരാജാവ് എന്നതില്‍ ആരാധകര്‍ക്കിടയിലും ആവേശ പോരാണ് നടക്കുന്നത്. നെഹ്‌റു ട്രോഫിയില്‍ മുത്തമിടാന്‍ പുതിയ അവകാശികള്‍ ഉണ്ടാവുമോ എന്നതിലും ആകാംക്ഷ ഉയരുകയാണ്.

പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബും, കാരിച്ചാലും ആണ് കഴിഞ്ഞതവണ നെഹ്‌റു ട്രോഫി കിരീടം ഉയര്‍ത്തിയത്. മൂന്നു ലക്ഷത്തോളം ടിക്കറ്റുകള്‍ വിറ്റഴിച്ചതാണ് കണക്ക് കൂട്ടല്‍. പുന്നമടക്കായലില്‍ നെഹ്‌റു ട്രോഫി വള്ളംകളിയുടെ ആവേശത്തിരയിളക്കത്തിന് ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കി.