റാപ്പര്‍ വേടനെതിരെയുള്ള ബലാത്സംഗ കേസില്‍ വിശദമായ തെളിവുശേഖരണത്തിന് പൊലീസ്. പരാതിക്കാരിയുടെ മൊഴിയില്‍ പറയുന്ന കാര്യങ്ങളുമായി ബന്ധപ്പെട്ട തെളിവുകള്‍ ശേഖരിക്കുന്നതിനൊപ്പം സാക്ഷികളുടെ മൊഴിയും രേഖപ്പെടുത്തും. തുടര്‍ന്നാകും വേടനെ വിളിപ്പിക്കുകയും അറസ്റ്റടക്കമുള്ള നടപടികളിലേക്ക് കടക്കുകയും ചെയ്യുക. അതിനിടെ കഴിഞ്ഞ ദിവസം വേടന്‍ ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പൊലീസ് നിലപാട് അറിയിക്കും. ജാമ്യത്തെ എതിര്‍ക്കുമെന്നാണ് വിവരം.
തൃക്കാക്കര എസിപിയുടെ മേല്‍നോട്ടത്തിലാണ് നിലവില്‍ അന്വേഷണം. വേടന്റെ സുഹൃത്തുക്കളുടെയുടെ മൊഴി രേഖപ്പെടുത്തുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ ട്വന്റി ഫോറിനോട് പറഞ്ഞിരുന്നു. പരാതിക്കാരി മജിസ്‌ട്രേറ്റ് കോടതിക്ക് മുമ്പാകെ നല്‍കിയ രഹസ്യമൊഴിയുടെ പകര്‍പ്പ് ലഭിച്ചശേഷമാകും വേടനെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുക.
ഇന്‍ഫോപാര്‍ക്ക് എസ്എച്ച്ഒയ്ക്കാണ് നിലവിലെ അന്വേഷണ ചുമതല. തൃക്കാക്കര എസിപി അന്വേഷണത്തിന്റെ മേല്‍നോട്ടം വഹിക്കും. ജാമ്യമില്ല വകുപ്പ് ചുമത്തി പൊലീസ് കേസെടുത്തു. മുന്‍കൂര്‍ ജാമ്യത്തിനായി വേടന്‍ നീക്കം ആരംഭിച്ചു.അതേസമയം, പരാതിക്കാരുമായുള്ള വേടന്റെ സാമ്പത്തിക ഇടപാട് പൊലീസ് സ്ഥിരീകരിക്കുന്നുണ്ട്. പലപ്പോഴായി വേടന്‍ മുപ്പതിനായിരം രൂപ കൈമാറിയിട്ടുണ്ടെന്നാണ് യുവതിയുടെ മൊഴി. ബാങ്ക് ഇടപാടുകളുടെ വിശദാംശങ്ങളും പരാതിക്കൊപ്പം യുവതി നല്‍കിയിരുന്നു. 2021 ഓഗസ്റ്റ് ഒന്നിനും 2023 മാര്‍ച്ച് 31നും ഇടയില്‍ പലതവണകളായി വേടന്‍ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്നായിരുന്നു യുവതിയുടെ മൊഴി. കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളില്‍ വെച്ച് ബലാത്സംഗം ചെയ്തു എന്നായിരുന്നു പരാതി.