സിപിഐഎം നേതാവ് പി കെ ശശിയെ കോൺഗ്രസിലേക്ക് സ്വാഗതം ചെയ്ത് വി കെ ശ്രീകണ്ഠൻ എംപി. പി കെ ശശിയടക്കം നിരവധി നേതാക്കൾക്ക് സിപിഐഎമ്മിൽ അതൃപ്തിയുണ്ട്. കോൺഗ്രസ് രാഷ്ട്രീയത്തിലേക്ക് കടന്നുവരാൻ ഇത്തരക്കാർക്ക് യാതൊരു വിലക്കുമില്ല. നേതാക്കളെ കാണുമ്പോൾ സൗഹൃദ സംഭാഷണം മാത്രമല്ല രാഷ്ട്രീയവും സംസാരിക്കാറുണ്ടെന്നും വി കെ ശ്രീകണ്ഠൻ പറഞ്ഞു.
അതേസമയം പാർട്ടിക്ക് പുറത്ത് പോകുമെന്ന പ്രചാരണത്തെക്കുറിച്ച് അറിയില്ലെന്ന് കെടിഡിസി ചെയർമാനും സിപിഐഎം നേതാവുമായ പികെ ശശി പറഞ്ഞു. താൻ ഇപ്പോഴും സിപിഐഎമ്മിൽ തന്നെയാണ്. താൻ പാർട്ടിക്ക് പുറത്തു പോയാൽ കൊള്ളാമെന്ന് ആഗ്രഹിക്കുന്നവരാണോ പ്രചാരണത്തിന് പിന്നിലെന്ന് സംശയിക്കുന്നു. മുസ്ലിം ലീഗിന്റെ പരിപാടിയിലല്ല, മണ്ണാർക്കാട് നഗരസഭയുടെ പരിപാടിയിലാണ് താൻ പങ്കെടുത്തതെന്നും പികെ ശശി പറഞ്ഞു.
പൊതുപ്രവർത്തന രംഗത്ത് നിന്ന് മാറ്റിനിർത്താൻ കഴിയില്ലെന്നും തനിക്ക് ജനങ്ങൾക്കിടയിലുള്ള സ്വാധീനത്തിന് ഒരു കുറവും വന്നിട്ടില്ലെന്നും പികെ ശശി വ്യക്തമാക്കി. മണ്ണാർക്കാട് നഗരസഭയുടെ പരിപാടി മുസ്ലിം ലീഗിന്റെ പരിപാടി ആയിരുന്നില്ല. ഒരു നല്ല സംരംഭം നാട്ടിൽ വരുമ്പോൾ അതിനെ അംഗീകരിക്കാനുള്ള മനസ്സ് കാണിക്കണം. ആരോടെങ്കിലുമൊക്കെയുള്ള വ്യക്തിവിരോധം തീർക്കാൻ പരിപാടിക്കെതിരായ വാർത്തകൾ കൊടുക്കുന്നത് മ്ലേച്ഛമാണെന്ന് പി. കെ ശശി പറഞ്ഞു.