Headlines

‘തൃശൂരിലെ പാർട്ടി കേന്ദ്രങ്ങളിൽ നിന്ന് വോട്ട് ചോർന്നു, പ്രതീക്ഷകളെ തകിടം മറിച്ചു; ഭരണവിരുദ്ധ വികാരം തിരിച്ചടിയായി’; CPI ജില്ലാ സമ്മേളന റിപ്പോർട്ട്

ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശൂരിലെ പാർട്ടി കേന്ദ്രങ്ങളിൽ നിന്ന് വോട്ട് ചോർന്നുവെന്ന് സിപിഐ ജില്ലാ സമ്മേളന റിപ്പോർട്ട്. ഏറ്റവുമധികം സാധ്യത കൽപ്പിച്ച സ്ഥാനാർത്ഥി വി എസ് സുനിൽകുമാർ പരാജയപ്പെട്ടു. വർഗീയശക്തികളുടെ വോട്ടുകൾ ബിജെപിക്ക് ലഭിച്ചു. സംസ്ഥാന സർക്കാരിനെതിരായുള്ള ഭരണവിരുദ്ധ വികാരം ലോക്സഭാ തിരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്നും റിപ്പോർട്ടിൽ പരാമർശം.

കോൺഗ്രസിന്റെ വോട്ട് വലിയ രീതിയിൽ ചോർന്നത് ബിജെപിയുടെ വിജയത്തിന് സഹായിച്ചുവെന്ന് റിപ്പോർട്ടിൽ പറയുന്നു. എൽഡിഎഫിന്റെയും പാർട്ടിയുടെയും പ്രതീക്ഷകളെ തകിടം മറിച്ചാണ് തൃശ്ശൂരിൽ വിഎസ് സുനിൽ കുമാറിന്റെ തോൽവി. ന്യൂനപക്ഷ സമുദായങ്ങൾ കോൺഗ്രസിന് അനുകൂലമായ നിലപാട് തിരഞ്ഞെടുപ്പിൽ സ്വീകരിച്ചു. അഞ്ചുവർഷത്തോളം സുരേഷ് ഗോപിക്കായി ബിജെപി പ്രചാരണം നടത്തിയത് സോഷ്യൽ മീഡിയ പേജുകളും ഇൻസ്റ്റഗ്രാം ഹാന്‍ഡിലുകളും വാടകയ്ക്ക് എടുത്താണെന്ന് റിപ്പോർട്ടിൽ പറയുന്നു.

ക്ഷേത്രങ്ങളിലും കോളനികളിലും ബിജെപി സ്ഥാനാർത്ഥിയെ പരിചയപ്പെടുത്താൻ പ്രത്യേക പ്രവർത്തനം നടത്തി. ഇടതുപക്ഷത്തിന് സ്ഥിരമായി വോട്ട് ചെയ്തിരുന്ന സ്ത്രീകളുടെ യുവജനങ്ങളുടെയും വോട്ടുകൾ എൻഡിഎക്ക് ലഭിച്ചുവെന്നും ജില്ലാ സമ്മേളന റിപ്പോർട്ട്. കരുവന്നൂർ ഉൾപ്പെടെയുള്ള ബാങ്കുകളിലെയും സഹകരണ മേഖലകളിലെയും അഴിമതികൾ തിരഞ്ഞെടുപ്പിൽ ക്ഷീണം ചെയ്തുവെന്നും വിലയിരുത്തൽ.

തെരഞ്ഞെടുപ്പ് ദിവസം എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ നടത്തിയ വാർത്താസമ്മേളനം ന്യൂനപക്ഷങ്ങളെ അകറ്റിയെന്നും റിപ്പോർട്ടിൽ വിമർശനം. എൽഡിഎഫ് പ്രവർത്തനങ്ങളിൽ വലിയ വീഴ്ച ഉണ്ടായി. ബൂത്ത് കമ്മറ്റികളിൽ നിന്ന് വോട്ടുചേർക്കണമെന്ന് മുൻകൂട്ടി ആവശ്യപ്പെട്ടിരുന്നെങ്കിലും നടപടികൾ ഉണ്ടായില്ല. ഘടകങ്ങൾ പലതും ഉത്തരവാദിത്തങ്ങൾ നിർവഹിച്ചില്ല. തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തിൽ ഉണ്ടായിട്ടുള്ള വീഴ്ചകൾ ഗൗരവത്തോടുകൂടി കാണണം. സാമ്പ്രദായിക രീതിയിലുള്ള എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ മാറ്റം വരുത്തണമെന്ന് റിപ്പോർട്ടിൽ നിർദേശം.

തെരഞ്ഞെടുപ്പ് സമയത്ത് കേരളത്തിലുടനീളം ബിജെപിക്കാർ കൃത്രിമമായി വോട്ട് ചേർത്തുവെന്നും റിപ്പോർട്ടിൽ ആരോപണം. തെരഞ്ഞെടുപ്പിന് തൊട്ടുമുൻപത് ഡൽഹി ലെഫ്റ്റ് ഗവർണർ കേരളത്തിൽ എത്തി മതമേലധ്യക്ഷന്മാരുമായി ചർച്ച നടത്തിയത് ക്രൈസ്തവ വോട്ട് സമാഹരിക്കാനാണെന്നും കേന്ദ്ര ഏജൻസികളെ ചൂണ്ടിക്കാട്ടി വ്യവസായികളെ ഭീഷണിപ്പെടുത്തിയും വലിയതോതിൽ പണമൊഴുകി തെരഞ്ഞെടുപ്പിൽ വിജയിച്ചതെന്നും സിപിഐ ജില്ലാ സമ്മേളന റിപ്പോർട്ടിൽ പറയുന്നു.