തൃശൂരില്‍ ഗുണ്ടാ സംഘത്തിനെതിരായ പൊലീസ് നടപടിയില്‍ കമ്മീഷണര്‍ ആര്‍ ഇളങ്കോയെ പ്രകീര്‍ത്തിച്ച് ബോര്‍ഡ് വച്ചു. ‘ ഇളങ്കോ നഗര്‍ നെല്ലങ്കര’ എന്ന പേരിലായിരുന്നു ബോര്‍ഡ്. ദിവസങ്ങള്‍ക്കു മുന്‍പാണ് തൃശൂര്‍ നെല്ലങ്കരയില്‍ പൊലീസ് ജീപ്പ് തകര്‍ക്കുകയും പൊലീസുകാരെ ആക്രമിക്കുകയും ചെയ്ത ഗുണ്ടാ സംഘത്തെ സംഘട്ടനത്തിലൂടെ സിറ്റി പൊലീസ് കീഴ്‌പ്പെടുത്തിയത്.
ഇന്നലെ വൈകിട്ടോടെയാണ് ഗുണ്ടാ ആക്രമണം ഉണ്ടായ നെല്ലങ്കരയില്‍ ഇളങ്കോ നഗര്‍ എന്നെഴുതിയ ബോര്‍ഡ് പ്രത്യക്ഷപ്പെട്ടത്. വിവരമറിഞ്ഞ മണ്ണുത്തി പൊലീസ് രാത്രിയില്‍ തന്നെ സ്ഥലത്തെത്തി ബോര്‍ഡ് എടുത്ത് മാറ്റി. കോര്‍പ്പറേഷന്റെയോ കമ്മീഷണറുടെയോ അനുമതിയില്ലാതെ ബോര്‍ഡ് സ്ഥാപിച്ചതിനാലാണ് എടുത്തുമാറ്റിയത്. ബോര്‍ഡ് എടുത്തു മാറ്റാന്‍ സിറ്റി പോലീസ് കമ്മീഷണര്‍ ഇളങ്കോ തന്നെ നിര്‍ദ്ദേശിക്കുകയായിരുന്നു.
ദിവസങ്ങള്‍ക്കു മുന്‍പാണ് നെല്ലങ്കരയില്‍ പൊലീസിന് നേരെ ഗുണ്ട ആക്രമണം നടന്നത്. പ്രദേശത്തെ ആളൊഴിഞ്ഞ കെട്ടിടത്തില്‍ പുലര്‍ച്ചെ നടന്ന ബര്‍ത്ത് ഡേ പാര്‍ട്ടി ആഘോഷത്തിനിടെ ഗുണ്ടകള്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടാവുകയായിരുന്നു. വിവരമറിഞ്ഞ് പൊലീസ് എത്തിയതോടെ ഗുണ്ടകള്‍ പൊലീസിന് നേരെ തിരിഞ്ഞു.
ആക്രമണത്തില്‍ മൂന്ന് പൊലീസ് വാഹനങ്ങള്‍ തകര്‍ക്കുകയും, പൊലീസുകാര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ കൊലക്കേസ് പ്രതി ഉള്‍പ്പെടെയുള്ള ആറംഗ ഗുണ്ടാസംഘത്തെ പൊലീസ് സംഭവസ്ഥലത്തു നിന്നു തന്നെ സംഘട്ടനത്തിലൂടെ പിടികൂടി. പിന്നീട് കമ്മീഷണര്‍ നടത്തിയ പ്രതികരണം സോഷ്യല്‍ മീഡിയയിലും വൈറലായിരുന്നു.