മെറ്റയുടെ ഇൻസ്റ്റാഗ്രാം സ്പിൻ-ഓഫ് ആപ്പായ ത്രെഡ്‌സിൽ ഏറെ നാളായി കാത്തിരുന്ന ഡയറക്റ്റ് മെസ്സേജിംഗ് സൗകര്യം എത്തിയിരിക്കുകയാണ്. 2023-ൽ ത്രഡ്‌സ് പുറത്തിറങ്ങിയതുമുതൽ ഉപയോക്താക്കൾ ഏറ്റവും കൂടുതൽ ആവശ്യപ്പെട്ട ഫീച്ചറുകളിലൊന്നായിരുന്നു ഇത്. ഈ മാസം മുതൽ ലോകമെമ്പാടുമുള്ള ഉപയോക്താക്കൾക്ക് ത്രെഡ്‌സ് ആപ്പിനുള്ളിൽ നിന്ന് നേരിട്ട് സ്വകാര്യമായി സന്ദേശങ്ങൾ അയക്കാൻ കഴിയുമെന്ന് കമ്പനി അറിയിച്ചു. സ്വകാര്യ സംഭാഷണങ്ങൾക്കായി ഇൻസ്റ്റാഗ്രാമിലേക്ക് മാറേണ്ട ബുദ്ധിമുട്ട് ഇതോടെ ഒഴിവാകും.
പ്രാരംഭ ഘട്ടത്തിൽ അടിസ്ഥാനപരമായ ഡിഎം പ്രവർത്തനങ്ങൾ മാത്രമേ ത്രഡ്‌സില്‍ ലഭ്യമാകൂ. ഉപയോക്താക്കൾക്ക് പരസ്പരം ചാറ്റുകൾ ആരംഭിക്കാനും, ഇമോജികൾ ഉപയോഗിച്ച് പ്രതികരിക്കാനും, സംഭാഷണങ്ങൾ മ്യൂട്ട് ചെയ്യാനും, സ്പാം റിപ്പോർട്ട് ചെയ്യാനും ഈ പുതിയ ഫീച്ചറിലൂടെ സാധിക്കും. ഭാവിയിൽ, ഗ്രൂപ്പ് ചാറ്റുകൾ, മെസ്സേജ് ഫിൽട്ടറുകൾ, വിപുലീകരിച്ച മെസ്സേജിംഗ് കൺട്രോളുകൾ എന്നിവയുൾപ്പെടെ ഇൻസ്റ്റാഗ്രാമിന് സമാനമായ കൂടുതൽ ഫീച്ചറുകൾ ത്രഡ്‌സില്‍ മെറ്റ അവതരിപ്പിക്കാനുള്ള സാധ്യതയുമുണ്ട്.
നിലവിൽ ഈ പുതിയ ഡിഎം ഫീച്ചർ 18 വയസ്സിന് മുകളിലുള്ള ഉപയോക്താക്കൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുകയാണ്. ജപ്പാൻ, ഓസ്‌ട്രേലിയ, യുകെ, യൂറോപ്യൻ യൂണിയൻ എന്നിവിടങ്ങളിൽ ഇത് ലഭ്യമാകില്ല. ഈ ഘട്ടത്തിൽ ഫോളോവേഴ്‌സിനും പരസ്പരം ഇൻസ്റ്റാഗ്രാം കണക്ഷനുകൾ ഉള്ളവർക്കും ഇടയിൽ മാത്രമേ ത്രെഡ്‌സ് മെസ്സേജിംഗ് അനുവദിക്കൂ. ഈ ഫീച്ചർ ഏറെ പ്രതീക്ഷ നൽകുന്നുണ്ടെങ്കിലും സ്വകാര്യതയെക്കുറിച്ചുള്ള ആശങ്കകളും ഉയർത്തുന്നുണ്ട്. ത്രെഡ്‌സിലെ സന്ദേശങ്ങൾക്ക് എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ ലഭ്യമല്ല.
ഡിഎമ്മിന് പുറമെ മെറ്റ ത്രഡ്‌സില്‍ അവതരിപ്പിച്ചിരിക്കുന്ന ഒരു പുത്തന്‍ ഫീച്ചറാണ് ഹൈലൈറ്റര്‍. ത്രഡ്‌സില്‍ ട്രെന്‍ഡിംഗ് ആയ ടോപ്പിക്കുകള്‍ പ്രത്യേകം മാര്‍ക് ചെയ്ത് കാണിക്കുന്ന ഫീച്ചറാണിത്. ഇത് പ്ലാറ്റ്‌ഫോമില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയങ്ങള്‍ക്ക് കൂടുതല്‍ വിസിബിളിറ്റി നല്‍കുമെന്നാണ് മെറ്റയുടെ പ്രതീക്ഷ.
കൂടാതെ അക്കൗണ്ട് ഫ്ലെക്സിബിലിറ്റി വർദ്ധിപ്പിക്കുന്നതിനുള്ള പരീക്ഷണങ്ങളും മെറ്റ നടത്തുന്നുണ്ട്. ലോഗിൻ ചെയ്യാതെ വെബിൽ ത്രെഡ്‌സ് ബ്രൗസ് ചെയ്യാനുള്ള സാധ്യതകളും കമ്പനി പരിശോധിക്കുന്നുണ്ട്. ഇത് ഇൻസ്റ്റാഗ്രാം വേരുകളിൽ നിന്ന് ആപ്പിനെ കൂടുതൽ വ്യത്യസ്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ്.