യുഎഇയിൽ ശക്തമായ കാറ്റിനും കടലിൽ വലിയ തിരകൾക്കും സാധ്യത

 

യുഎഇയിൽ ശക്തമായ കാറ്റിനും കടലിൽ വലിയ തിരകൾക്കും സാധ്യതയെന്നു ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. മണിക്കൂറിൽ 50-60 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശിയേക്കാം.

തണുത്ത കാലാവസ്ഥ തുടരുകയും ചിലയിടങ്ങളിൽ പൊടിക്കാറ്റിനെ തുടർന്നു ദൂരക്കാഴ്ച കുറയാനിടയുണ്ടെന്നും മുന്നറിയിപ്പ് നൽകി. അബുദാബിയുടെ ചില ഭാഗങ്ങളിലും റാസൽഖൈമയിലും ഇന്നലെ രാവിലെ നേരിയ മഴ ലഭിച്ചു. മലയോര മേഖലകളിൽ പുലർച്ചെ താപനില 3.4 ഡിഗ്രി വരെ താഴ്ന്നു.

ഇന്നു മുതൽ 4 ദിവസം രാത്രി അന്തരീക്ഷ ഈർപ്പം ഉയരും. പുലർച്ചെ മൂടൽമഞ്ഞിനു സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പുലർത്തണം. അതേസമയം, ഷാർജയിൽ കഴിഞ്ഞ ദിവസങ്ങളിലെ കനത്ത മഴയിൽ വെള്ളക്കെട്ട് രൂപപ്പെട്ടയിടങ്ങളിൽ ശുചീകരണം പുരോഗമിക്കുകയാണ്.