ന്യൂനമർദ്ദ സ്വാധീനം; സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത

 

അറബിക്കടൽ ഉണ്ടായ ന്യൂനമർദ്ദത്തിന്റെ സ്വാധീനത്താൽ സംസ്ഥാനത്ത് ശനിയാഴ്ച അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മധ്യകേരളത്തിലും വടക്കൻ കേരളത്തിലും മഴ കനത്തേക്കും.മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു.

തെക്കന്‍ കേരളത്തിലും മധ്യ കേരളത്തിലും അടുത്ത മൂന്ന് മണിക്കൂറില്‍ ഇടിയോട് കൂടിയ മഴ പെയ്യുമെന്നാണ് അറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ് അറിയിപ്പ്. തിരുവനന്തപുരത്ത് ശക്തമായ മഴ തുടരുകയാണ്. രാത്രി മുതല്‍തീരപ്രദേശങ്ങളിലും മലയോര മേഖലകളലും മഴ തുടരുന്നു. സംസ്ഥാനത്ത് ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

കേരള തീരത്ത് മണിക്കൂറിൽ 40 മുതൽ 50 കിമി വരെ വേഗതയിലുള്ള അതിശക്തമായ കാറ്റിന് സാധ്യതയുണ്ട്. കടൽ പ്രക്ഷുബ്ധമാകാനും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ തീരദേശവാസികളും മത്സ്യതൊഴിലാളികളും പ്രത്യേക ജാഗ്രത പുലർത്തണം. കേരള ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.