തിരുവനന്തപുരം: കോണ്‍ഗ്രസിലേക്ക് മടങ്ങുന്നതില്‍ താത്പര്യമറിയിക്കാന്‍ പത്മജ വേണുഗോപാല്‍. ഇക്കാര്യമറിയിച്ച് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന് ഉടന്‍ കത്ത് കൈമാറിയേക്കും. അണികള്‍ക്കിടയിലെ ആശയ കുഴപ്പം നീക്കി പത്മജയെ സ്വാഗതം ചെയ്യാനാണ് നേതൃത്വത്തിന്റെ ആലോചന. പദവികള്‍ വാഗ്ദാനം ചെയ്യാതെ സ്വാഗതം ചെയ്യാനാണ് ആലോചന.
പത്മജയ്ക്ക് കോണ്‍ഗ്രസില്‍ അംഗത്വം നല്‍കുന്നതില്‍ നേതാക്കള്‍ക്കിടയില്‍ അഭിപ്രായ ഭിന്നതയുണ്ട്. യുഡിഎഫ് അധികാരത്തില്‍ എത്തിയപ്പോള്‍ സ്ഥാനം മോഹിച്ചാണ് പത്മജ കോണ്‍ഗ്രസ് പ്രവേശനം ആഗ്രഹിക്കുന്നത് എന്ന് ഒരു വിഭാഗം നേതാക്കള്‍ ആരോപിക്കുന്നു. സാമൂഹ്യ മാധ്യമങ്ങളിലും പത്മജയ്ക്ക് എതിരെ രൂക്ഷമായ ആക്രമണം നടക്കുന്നുണ്ട്.
എന്നാല്‍, ബിജെപിയില്‍ നിന്നും രാജിവച്ച പത്മജയെ ചേര്‍ത്ത് നിര്‍ത്തണമെന്ന അഭിപ്രായം കെപിസിസി അധ്യക്ഷന്‍ അടക്കം ഒരു വിഭാഗം നേതാക്കള്‍ പ്രകടിപ്പിച്ചിട്ടുണ്ട്.
അതേസമയം, പത്മജാ വേണുഗോപാല്‍ പാര്‍ട്ടി വിട്ടതില്‍ പ്രതികരിക്കേണ്ടെന്നാണ് ബിജെപി നേതാക്കളുടെ ഔദ്യോഗിക വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ വന്ന നിര്‍ദേശം. നേതൃത്വം പ്രതികരിക്കും മുമ്പ് ആരും മാധ്യമങ്ങളെ കാണരുതെന്നും നിര്‍ദേശമുണ്ട്. ബിജെപി പിആര്‍ഒയാണ് ഗ്രൂപ്പില്‍ നിര്‍ദ്ദേശം പങ്കുവെച്ചത്. മാധ്യമങ്ങളോടും സമൂഹമാധ്യമങ്ങളിലും പ്രതികരണം നടത്തരുതെന്ന് നിര്‍ദ്ദേശം ലഭിച്ചു എന്ന് പിആര്‍ഒ പറയുന്നു.







