കൊച്ചി∙ ചേരാനല്ലൂർ വാഹനാപടക കേസിൽ അഡീഷനൽ ജഡ്ജിയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകാനും കോടതി നിർദേശിച്ചു. പൊലീസ് കേസെടുത്തതിനെ തുടർന്നാണ് അഡീഷനൽ ജഡ്ജി മുൻജാമ്യഹർജി നൽകിയത്. അറസ്റ്റ് ചെയ്യുന്നതെന്തിനാണെന്നും അന്വേഷണവുമായി സഹരിക്കുന്നുണ്ടല്ലോ എന്നും കോടതി പറഞ്ഞു.
കഴിഞ്ഞ ദിവസം അഡീഷനൽ ജഡ്ജിയെ പൊലീസ് ചോദ്യം ചെയ്തിരുന്നു. പ്രായപൂർത്തിയാകാത്ത മകൻ കാറുമായി പുറത്തുപോയത് തന്റെ അറിവോടെയല്ലെന്ന മൊഴി ക്രൈംബ്രാഞ്ച് സംഘത്തിനു മുന്നിലും അഡിഷനൽ ജഡ്ജി ആവർത്തിച്ചു. അപകടമുണ്ടാക്കിയ കാറോടിച്ച പതിനേഴുകാരന്റെ പിതാവും കാറുടമയുമായ അഡിഷനൽ ജഡ്ജിയെ പൊലീസ് ക്ലബിലേക്കു വിളിച്ചുവരുത്തിയാണു ജില്ലാ ക്രൈംബ്രാഞ്ച് എസിപിയുടെ നേതൃത്വത്തിലുള്ള സംഘം ചോദ്യം ചെയ്തത്. കൂടുതൽ ചോദ്യം ചെയ്യലിനായി ഇന്നു രാവിലെ 11ന് ഹാജരാകാൻ ജഡ്ജിയോടു നിർദേശിച്ചിട്ടുണ്ട്.








