തിരുവനന്തപുരം: കൗൺസിലർ ആർ ശ്രീലേഖയുടെ രാജി നീക്കത്തിന് പിന്നിൽ മേയർ അടക്കമുള്ള നേതാക്കളുടെ നിസഹകരണം. സംസ്ഥാന അധ്യക്ഷനടക്കം ശ്രീലേഖയോട് അഭിപ്രായ ഭിന്നത. പാർട്ടി ഉറപ്പ് നൽകിയ വാഗ്ദാനങ്ങൾ ഒന്നും പാലിച്ചില്ല. തെരഞ്ഞെടുപ്പ് പരാജയത്തെ തുടർന്ന് ആർ ശ്രീലേഖ രാജീവ് ചന്ദ്രശേഖറിന് നൽകിയ പരാതി പരിശോധിക്കാൻ പോലും തയ്യാറാകാത്തതും അതൃപ്തിക്കിടയാക്കി. ആർ ശ്രീലേഖ നിരന്തരം പ്രതിസന്ധി ശ്രിഷ്ടിക്കുന്നു. ശ്രീലേഖയുടെ വിവാദ ഇടപെടലുകളിൽ ആർഎസ്എസിന് അതൃപ്‌തിയുണ്ട്. ആർ ശ്രീലേഖയുടേത് സമ്മർദ തന്ത്രമെന്നാണ് ആർഎസ്എസ് വിലയിരുത്തുന്നത്. ശ്രീലേഖയുടെ സമ്മർദ്ധതന്ത്രത്തിന് വഴങ്ങേണ്ടതില്ലന്നും ആർഎസ്എസ് നിർദേശിച്ചു.
രാജി പ്രഖ്യാപിച്ച് ബിജെപിയെ മുൾമുനയിൽ നിർത്തിയ ശ്രീലേഖയുമായി നേതാക്കൾ നടത്തിയ ചർച്ചയ്ക്കൊടുവിലാണ് രാജി പിൻവലിക്കാൻ തയ്യാറായത്. നേരത്തെ നൽകിയ ഉറപ്പൊന്നും നേതൃത്വം പാലിച്ചില്ലെന്ന വിമർശനം ആർ ശ്രീലേഖക്ക് ഉണ്ടായിരുന്നു. എന്നാൽ ചില വാഗ്ദാനങ്ങൾ രാജി പിൻവലിച്ചതിന് പിന്നാലെ നേതൃത്വം മുന്നോട്ടുവച്ചിട്ടുണ്ടെന്നാണ് വിവരം.ആർ ശ്രീലേഖയുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ കൂടിക്കാഴ്ച നടത്തും.
ഡൽഹിയിൽ ആയിരുന്ന സംസ്ഥാന അധ്യക്ഷൻ ഇന്ന് തിരുവനന്തപുരത്ത് എത്തും. തുടർന്നായിരിക്കും കൂടിക്കാഴ്ച. നിലവിൽ തിരുവനന്തപുരത്തെ ചികിത്സയിലായിരുന്ന ആർ ശ്രീലേഖ ആശുപത്രി വിട്ടു. ഇന്നലെ ഉച്ചയോടെയാണ് ആശുപത്രി വിട്ടത്. നിലവിൽ മാധ്യമങ്ങളോട് സംസാരിക്കാൻ ശ്രീലേഖ തയ്യാറായിട്ടില്ല.









