Headlines

പശ്ചിമേഷ്യയിലെ സമാധാനം: അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ മധ്യസ്ഥ രാജ്യങ്ങളുടെ പ്രതിനിധികളെ കണ്ടതായി ട്രംപ്

വാഷിങ്ടണ്‍: പശ്ചിമേഷ്യയില്‍ സമാധാനത്തിനായി അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ മധ്യസ്ഥ രാജ്യങ്ങളുടെ പ്രതിനിധികളെ കണ്ടതായി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ന്യൂയോര്‍ക്കില്‍ മധ്യസ്ഥ രാജ്യങ്ങളുടെ പ്രതിനിധികളെ കാണുമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അര്ഗചി വ്യക്തമാക്കിയതിനു പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം. ഓവല്‍ ഓഫീസില്‍ മാധ്യമപ്രവര്‍ത്തകരോടാണ് ട്രംപിന്റെ പ്രതികരണം

ഇറാനുമായി മധ്യസ്ഥ ചര്‍ച്ചകള്‍ തുടരുകയാണെന്നും എന്നാല്‍ ആണവ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുന്നില്ലെങ്കില്‍ കരാറില്‍ ഏര്‍പ്പെടില്ലെന്നും അമേരിക്ക വ്യക്തമാക്കി. അതിനിടെ, ന്യൂയോര്‍ക്കിലുള്ള ഖത്തര്‍ മധ്യസ്ഥര്‍ വഴി ഇറാന്‍ അമേരിക്കയുമായി കൂടുതല്‍ ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടെന്നും അമേരിക്കയുടെ ഔദ്യോഗിക പ്രതികരണം നാളെ പ്രതീക്ഷിക്കാമെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി പറഞ്ഞു.

അതേസമയം, തെക്കന്‍ ഇറാനിലെ കടലില്‍ നിന്നും ഇറാന്‍ സൈന്യം ശത്രുവിനെ അറബിക്കടലിലേക്ക് തുരത്തിയെന്നും അവിടെ നിന്നും അവരെ ഉടന്‍ തന്നെ പുറത്താക്കുമെന്നും ഇറാന്‍ പരമോന്നത നേതാവ് മുജ്തബ ഖമനയി പറഞ്ഞു. ശത്രുസൈന്യം ഇറാനിലേക്ക് പ്രവേശിക്കുന്നത് തടയാന്‍ സായുധ സേന സജ്ജരാണെന്നും ഇറാന്‍ വ്യക്തമാക്കി. വാക്ക് പാലിക്കുന്നതു വരെ അമേരിക്കയുമായി ചര്‍ച്ചകള്‍ ആരംഭിക്കില്ലെന്ന് ഇറാന്‍ ദേശീയ സുരക്ഷാ, വിദേശനയ സമിതി അംഗമായ ഇബ്രാഹിം റെസായിയും പറഞ്ഞു.

അതിനിടെ, ലണ്ടനിനടുത്ത വ്യോമതാവളത്തിന് സമീപം നിന്ന് ഭീകരവാദ കുറ്റകൃത്യം ആരോപിച്ച് അറസ്റ്റ് ചെയ്ത അഞ്ച് ബ്രിട്ടീഷ് പൗരന്മാരെ ജാമ്യത്തില്‍ വിട്ടയച്ചു. അറസ്റ്റ് ചെയ്യപ്പെട്ടവരുമായി ബന്ധമുണ്ടെന്ന ആരോപണം ഇറാന്‍ തള്ളി. അന്വേഷണം തുടരുകയാണ്. എന്നാല്‍, അറസ്റ്റിലായ അഞ്ച് പേരെ ബ്രിട്ടീഷ് പൊലീസ് ജാമ്യത്തില്‍ വിടാന്‍ പാടില്ലായിരുന്നുവെന്ന് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. അറസ്റ്റിലായവര്‍ക്ക് ഇറാനുമായി ബന്ധമുണ്ടാകാമെന്നും ട്രംപ് ആരോപിച്ചു.