Headlines

‘ആവശ്യങ്ങൾ നേടിയെടുക്കും മുൻപ് സമരം അവസാനിപ്പിച്ചതെന്തിന്?’: നേതാക്കൾക്കെതിരെ വിമർശനവുമായി ജീവനക്കാർ

ന്യൂഡൽഹി∙ ബാങ്കുകളുടെ പ്രവൃത്തിദിനം ആഴ്ചയിൽ 5 ദിവസമാക്കണമെന്ന ആവശ്യത്തിൽ തീരുമാനമാകുന്നതിനു മുൻപു പണിമുടക്ക് പിൻവലിക്കേണ്ടി വന്നതോടെ പ്രതിസന്ധിയിലായത് ബാങ്ക് യൂണിയനുകളും അവയുടെ നേതാക്കളുമാണ്. 3 ദിവസത്തെ പണിമുടക്ക് തുടങ്ങുന്നതിന്റെ തലേരാത്രി വൈകിയാണ് പിൻവലിക്കുന്നുവെന്ന തീരുമാനമെടുത്തത്, അതും ബാങ്ക് മാനേജ്മെന്റുകളുടെ സംഘടനയായ ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനുമായി (ഐബിഎ) നടന്ന യോഗത്തിനൊടുവിൽ. ഇതോടെ യൂണിയനുകളുടെ നേതാക്കൾക്കെതിരെ ജീവനക്കാർ പരസ്യമായി വിമർശനമുന്നയിക്കുന്ന സ്ഥിതിയുണ്ടായി. 7 ബാങ്ക് യൂണിയനുകളുടെ കൂട്ടായ്മയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് (യുഎഫ്ബിയു) ആണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരുന്നത്. പ്രതിഷേധസൂചകമായി ഓൾ ഇന്ത്യ പഞ്ചാബ് നാഷനൽ ബാങ്ക് ഓഫിസേഴ്സ് ഫെഡറേഷൻ (എഐപിഎൻബിഒഎഫ്) യുഎഫ്ബിയു കൂട്ടായ്മയിൽ നിന്ന് പിൻവാങ്ങുമെന്ന് വ്യക്തമാക്കിക്കഴിഞ്ഞു.
പ്രവൃത്തിദിനം സംബന്ധിച്ച ചർച്ചകൾക്ക് ഐബിഎയുടെയും യുഎഫ്‍ബിയുവിന്റെയും പ്രതിനിധികളെ ഉൾപ്പെടുത്തി ഉന്നതതല സമിതി രൂപീകരിക്കുമെന്ന ഉറപ്പിന്റെ പേരിലാണ് പണിമുടക്ക് പിൻവലിച്ചത്. എന്നാൽ മിക്ക ജീവനക്കാരും ഇതിൽ തൃപ്തരല്ല. ആവശ്യം നേടിയെടുക്കുന്നതിനു മുൻപ് സമരം അവസാനിപ്പിച്ചത് എന്തിനെന്നാണ് ചോദ്യം.അനുരഞ്ജനശ്രമങ്ങൾ പരാജയപ്പെട്ടാൽ ഈ വിഷയം നിശ്ചിത ട്രൈബ്യൂണലിന്റെ പരിധിയിലേക്കു മാറാം. സർക്കാർ തന്നെ രൂപീകരിച്ച ട്രൈബ്യൂണലായതിനാൽ തീരുമാനം പ്രതികൂലമാകുമെന്ന ആശങ്കയും യൂണിയനുകൾക്കുണ്ട്. ഇതിന്റെകൂടി അടിസ്ഥാനത്തിലാണ് ഉന്നതതലസമിതി രൂപീകരിക്കാമെന്ന ആവശ്യത്തോട് യൂണിയനുകൾ സഹകരിച്ചതെന്നാണ് സൂചന.