സെക്രട്ടറിയേറ്റിനു മുന്നിൽ അനിശ്ചിതകാല നിരാഹാര സത്യാഗ്രം ആരംഭിച്ച് സംവിധായകൻ സനൽകുമാർ ശശിധരൻ. താൻ ഉന്നയിക്കുന്ന വിഷയങ്ങളിൽ സർക്കാരോ നിയമ സംവിധാനങ്ങളോ അടിയന്തര ഇടപെടൽ നടത്താത്തിനെ തുടർന്നാണ് സത്യാഗ്രഹം തുടങ്ങാൻ തീരുമാനിച്ചതെന്ന് സംവിധായകൻ പറയുന്നു. തനിക്കു ലഭിച്ച സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ ഉൾപ്പടെ തെരുവിൽ വച്ചാണ് സനലിന്റെ നിരാഹാരം.
തന്റെ ആവശ്യങ്ങൾ കേവലം വ്യക്തിപരം അല്ലാത്തും അത്യന്തം ഗൗരവമുള്ള സാമൂഹിക പ്രശ്നങ്ങളെ സംബന്ധിക്കുന്നതുമാണെന്നും തന്റെ പേരിൽ മുമ്പ് ഉണ്ടായിട്ടുള്ള കേസിനു പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്നും സനൽ ആവശ്യപ്പെടുന്നു.
ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്തുവിട്ട്, അതിൽ പരാമർശിച്ചിട്ടുള്ള സെക്സ് റാക്കറ്റിനെക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്നും സനൽ പറയുന്നു. ‘‘കഴിഞ്ഞ നൂറ് ദിവസമായി സമൂഹ മാധ്യമങ്ങളിലൂടെ ഈ വിഷയത്തെക്കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കുകയാണ്. എന്നിട്ടും പൊതു സമൂഹം ഉണരുന്നില്ല, കേരള സർക്കാർ ഇതേപ്പറ്റി അന്വേഷിക്കാൻ തയാറാകുന്നില്ല. എന്റെ പേരിലുള്ള കേസിൽ അന്വേഷണം നടത്തുന്നില്ല. ഈ സാഹചര്യത്തിൽ സെക്രട്ടറിയേറ്റിനു മുന്നിൽ അനിശ്ചിതലകാല നിരാഹാര സത്യാഗ്രഹം ആരംഭിക്കുകയാണ്.
എന്റെ ഈ വിഷയം വളരെ സാമൂഹിക പ്രസക്തി ഉള്ളതായിട്ടും ഇതുവരെ അനുഭാവം പ്രകടിപ്പിച്ച് ഒരാളും മുന്നോട്ടു വന്നിട്ടില്ല. ഇതൊരു സാമൂഹ്യ പ്രശ്നമാണ്, വ്യക്തിപരമായ വിഷയമല്ല. വളരെ ഗുരുതരമായ ആരോപണമാണ് ഞാൻ ഉന്നയിച്ചിട്ടുള്ളത്. ഇതെന്റെ മാത്രം വിഷയമല്ല, ഇന്നിവിടെ ഞാൻ ഒറ്റയ്ക്കാണുള്ളത്. വേറാരും ഇവിടെ ഇല്ല. എനിക്കെതിരെ എന്തുതരം ആക്രമണം വേണമെങ്കിലും ഉണ്ടാകാം. ഞാൻ പോരാടുന്നത് വലിയൊരു മാഫിയയ്ക്കെതിരെയാണ്. ദയവായി ആളുകൾ വന്ന് എന്നെ പിന്തുണയ്ക്കുക, മുന്നോട്ടുവരിക.’’–സനലിന്റെ വാക്കുകൾ.








