തിരുവനന്തപുരം∙ കാപ്പ കേസ് പ്രതിയായ ബിജെപി കൗണ്‍സിലര്‍ ആര്‍.സുഗതന് അനുകൂലമായി കത്തു നല്‍കിയെന്നാരോപിച്ച് തദ്ദേശവകുപ്പ് അണ്ടര്‍ സെക്രട്ടറി ചിത്ര പി. അരുണിമയെ സസ്‌പെന്‍ഡ് ചെയ്ത നടപടിയില്‍ സസ്‌പെന്‍ഷന് ആധാരമായ രേഖകള്‍ ഹാജരാക്കാന്‍ സര്‍ക്കാര്‍ അഭിഭാഷകനോട് ആവശ്യപ്പെട്ട് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍. രേഖകളില്‍ കൃത്രിമം കാട്ടിയതിനാണ് നടപടി എന്നാണ് സസ്‌പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നത്. ഈ സാഹചര്യത്തില്‍ കൃത്രിമം കാട്ടിയ രേഖകള്‍ ഹാജരാക്കാന്‍ സര്‍ക്കാര്‍ അഭിഭാഷകനോടു ട്രൈബ്യൂണല്‍ ആവശ്യപ്പെട്ടു.കേസ് ബുധനാഴ്ച വീണ്ടും പരിഗണിക്കും. സുഗതന്‍ എസ്‌കോര്‍ട് പരോള്‍ ആവശ്യപ്പെട്ടു സമര്‍പ്പിച്ച അപേക്ഷയില്‍ ആഭ്യന്തരവകുപ്പ് ചോദിച്ചതു പ്രകാരം അനൗദ്യോഗിക കുറിപ്പായി വിശദീകരണം നല്‍കുക മാത്രമാണ് ചെയ്തതെന്ന് ചിത്രയ്ക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ കെ.പി.സതീശന്‍ വ്യക്തമാക്കി. 2026 ജൂലൈ 13നു തദ്ദേശവകുപ്പില്‍നിന്ന് വിശദീകരണം ലഭിക്കും മുന്‍പ് തന്നെ എസ്‌കോര്‍ട് പരോള്‍ അനുവദിക്കാന്‍ ആവില്ലെന്നു കാട്ടി ആഭ്യന്തര അഡീഷനല്‍ ചീഫ് സെക്രട്ടറി സുഗതനു മറുപടി നല്‍കിയിരുന്നുവെന്നും അഭിഭാഷകന്‍ അറിയിച്ചു.പിന്നീട് തദ്ദേശവകുപ്പില്‍നിന്നുള്ള വിശദീകരണം കിട്ടിയതിനു ശേഷം അത് അതേപടി പകര്‍ത്തി രണ്ടാമത് 2026 ഓഗസ്റ്റ് 6നും ആഭ്യന്തരവകുപ്പ് അഡീ. ചീഫ് സെക്രട്ടറി സുഗതനു മറുപടി നല്‍കി. വിഷയത്തില്‍ പിഴവുണ്ടായിട്ടില്ലെന്നും സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്നും അഭിഭാഷകന്‍ ആവശ്യപ്പെട്ടു.
ബിജെപി കൗണ്‍സിലര്‍ സുഗതന്റെ പരോൾ: എന്ത് കൃത്രിമം ആണ് കാട്ടിയത്? രേഖകള്‍ ഹാജരാക്കാന്‍ ഉത്തരവ്








