Headlines

ഇന്ന് 10 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; 9 ഇടത്ത് ഓറഞ്ച് അലർട്ട്: മരണം 27 ആയി

 

കോട്ടയം ∙ മഴ ശക്തിയായി തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി. കോഴിക്കോട്, എറണാകുളം, തൃശൂർ, കണ്ണൂർ, കോട്ടയം, പത്തനംതിട്ട, കാസർകോട്, ആലപ്പുഴ, ഇടുക്കി, വയനാട് ജില്ലകൾക്കാണ് ബുധനാഴ്ച (ഓഗസ്റ്റ് 5) അവധി പ്രഖ്യാപിച്ചത്. കേരള സർവകലാശാല ബുധനാഴ്ച നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും (തിയറി, പ്രാക്ടിക്കൽ, വൈവവോസി ഉൾപ്പെടെ) മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട്. കേരള സർവകലാശാല പഠന വകുപ്പുകളിലെ പരീക്ഷകൾക്ക് മാറ്റമില്ല.

 

ഇന്ന് 9 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ടായിരിക്കും. തിരുവനന്തപുരം, കൊല്ലം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഇന്നും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ വ്യാഴാഴ്ചയും യെലോ അലർട്ട് പ്രഖ്യാപിച്ചു. അതേസമയം, മഴക്കെടുതിയിൽ സംസ്ഥാനത്ത് ഇതുവരെ മരിച്ചവരുടെ എണ്ണം 27 ആയി. നാലു പേരെ കാണാതായി. 418 ക്യാംപുകളിലായി 18,434 ആളുകളുണ്ട്. 52 വീടുകൾ പൂർണമായും 555 വീടുകൾ ഭാഗികമായും തകർന്നു. കോട്ടയത്താണ് കൂടുതൽ പേർ മരിച്ചത്. 5 മരണം ജില്ലയിൽ റിപ്പോർട്ടു ചെയ്തു.

വയനാട്ടിൽ വിനോദസഞ്ചാരികള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. താമരശ്ശേരി ചുരം, ബോയ്‌സ് ടൗണ്‍–പാല്‍ച്ചുരം വഴിയുള്ള യാത്രക്കാര്‍ അതീവ ജാഗ്രത പാലിക്കണം. അത്യാവശ്യമല്ലാത്ത യാത്രകള്‍ പരമാവധി ഒഴിവാക്കണം.

 

കോഴിക്കോട്: ജില്ലയിലെ മലയോര – തീരദേശ മേഖലകളിലും മറ്റും ശക്തമായ മഴ തുടരുന്നതിനാലും ഓറഞ്ച് അലർട്ട് നിലനിൽക്കുന്ന സാഹചര്യത്തിലും ജില്ലയിലെ പ്രഫഷനൽ കോളജുകൾ ഒഴികെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബുധനാഴ്ച ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ എന്നിവക്കും അവധി ബാധകമാണ്. നേരത്തെ നിശ്ചയിച്ച പരീക്ഷകൾ, ഓൺലൈൻ ക്ലാസുകൾ എന്നിവക്ക് അവധി ബാധകമല്ല.

 

എറണാകുളം: ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ പ്രഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾക്കും ട്യൂഷൻ സെന്ററുകൾക്കും അവധി ബാധകമാണ്. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും, ഇന്റർവ്യൂകൾക്കും മാറ്റമുണ്ടായിരിക്കുന്നതല്ല.

 

തൃശൂർ: ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് തുടരുന്ന സാഹചര്യത്തിലും ചില താലൂക്കുകളിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലും അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, മദ്രസകൾ, നഴ്സറികള്‍, കേന്ദ്രീയവിദ്യാലയങ്ങള്‍, സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകള്‍, പ്രഫഷണല്‍ കോളജുകള്‍, ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ബുധനാഴ്ച ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും, ഇന്റര്‍വ്യൂകള്‍ക്കും മാറ്റമുണ്ടായിരിക്കുന്നതല്ല.

കണ്ണൂർ: പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചു. ട്യൂഷന്‍ സെന്ററുകള്‍, മദ്രസകള്‍ ഉള്‍പ്പെടെയുള്ളവ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമായിരിക്കും. എന്നാൽ, പ്രഫഷണൽ കോളജുകൾക്ക് അവധി ബാധകമല്ല. റസിഡൻഷ്യൽ സ്കൂളുകൾക്ക് അവധി ബാധകമല്ല. മുൻകൂട്ടി നിശ്ചയിച്ച സർവകലാശാല/പൊതു പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമുണ്ടായിരിക്കുന്നതല്ല.

 

കോട്ടയം: ജില്ലയിലെ പ്രഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, സ്‌പെഷൽ ക്ലാസുകൾ എന്നിവയ്ക്കും അവധി ബാധകമാണ്. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല.

 

പത്തനംതിട്ട: ജില്ലയിലെ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കലക്ടർ അവധി പ്രഖ്യാപിച്ചു.

 

കാസർകോട്: ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കലക്ടർ നാളെ അവധി പ്രഖ്യാപിച്ചു. കോളജുകൾ, പ്രഫഷനൽ കോളജുകൾ, സ്കൂളുകൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, ഐസിഎസ്ഇ, സിബിഎസ്ഇ സ്കൂളുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മദ്രസകൾക്കും അവധി ബാധകമായിരിക്കും. മുൻകൂട്ടി നിശ്ചയിച്ച സർവകലാശാല/പൊതു പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമില്ല.

ഇടുക്കി: ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കലക്ടർ നാളെ അവധി പ്രഖ്യാപിച്ചു. പ്രഫഷനൽ കോളജുകൾ, അങ്കണവാടികൾ, നഴ്സറികൾ, കേന്ദ്രീയവിദ്യാലയങ്ങൾ, സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകൾ, മദ്രസകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും. മുൻ നിശ്ചയിച്ച പൊതുപരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമില്ല. റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയില്ല.

 

ആലപ്പുഴ: ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ കലക്ടർ അവധി പ്രഖ്യാപിച്ചു. പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും, അങ്കണവാടികൾക്കും, ട്യൂഷൻ സെന്ററുകൾക്കും അവധിയായിരിക്കും. മുൻ നിശ്ചയിച്ച പൊതുപരീക്ഷകൾക്ക് മാറ്റമില്ല.

 

വയനാട്: ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച കലക്ടർ അവധി പ്രഖ്യാപിച്ചു. അങ്കണവാടികള്‍, മതപഠന ക്ലാസുകള്‍, ട്യൂഷന്‍ സെന്ററുകള്‍, പരിശീലന സ്ഥാപനങ്ങള്‍, സ്‌പെഷല്‍ ക്ലാസുകള്‍, പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും. റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ക്കും റസിഡന്‍ഷ്യല്‍ കോളജുകള്‍ക്കും അവധി ബാധകമല്ല. എന്നാൽ, റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലെയും കോളജുകളിലെയും വിദ്യാര്‍ഥികളുടെ സുരക്ഷ അതത് സ്ഥാപന മേധാവികള്‍ ഉറപ്പു വരുത്തേണ്ടതാണ്. സാഹചര്യത്തിനനുസരിച്ച് വിദ്യാര്‍ഥികളുടെ സുരക്ഷ മുന്‍നിര്‍ത്തി അവധി നല്‍കാം.