അശാന്തം പശ്ചിമേഷ്യ: കുവൈറ്റിലേക്കും ബഹ്‌റൈനിലേക്കും ഇറാൻ ആക്രമണം

 

കുവൈറ്റിലേക്കും ബഹ്‌റൈനിലേക്കും ഇറാൻ ആക്രമണം. ബഹ്‌റൈനിൽ അപായസൈറൺ മുഴങ്ങി. ആക്രമണം നേരിടുന്നതായി കുവൈറ്റ് അറിയിച്ചു. നിരവധി തവണ അപായ സൈറൺ മുഴുങ്ങിയതായാണ് റിപ്പോർട്ട്. രാവിലെയാണ് ആക്രമണം ഉണ്ടായത്. അമേരിക്ക ഇറാനിൽ വ്യോമാക്രമണം നടത്തിയതിന് പിന്നാലെയാണ് കുവൈറ്റിലേക്കും ബഹ്‌റൈനിലേക്കും ആക്രമണം നടത്തിയത്. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. ആക്രമണം പ്രതിരോധിച്ചതായാണ് ഇരു രാജ്യങ്ങളും വ്യക്തമാക്കിയിരിക്കുന്നത്.

 

 

വലിയ ആക്രമണമാണ് ഉണ്ടായതെന്ന് കുവൈറ്റ് സൈന്യം അറിയിച്ചു. ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ചായിരുന്നു ഇറാൻ ആക്രമണം. ഇതിന്റെ അവശിഷ്ടങ്ങളിൽ സ്പർശിക്കരുതെന്ന് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നിലവിൽ പുതിയ ആക്രമണം ഉണ്ടായിട്ടില്ല. ഇന്നലെ 15 ഡ്രോണുകളും മിസൈലുകളുമാണ് തകർത്തത്. ബഹ്‌റൈനിൽ മൂന്ന് തവണ അപായ സൈറൺ മുഴങ്ങി.ഇറാന്റെ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ അമേരിക്ക ശക്തമായ വ്യോമാക്രമണം നടത്തിയിരുന്നു. ഇന്നലെ രാത്രിയും ഇന്ന് പുലർച്ചെയുമായി നടന്ന ആക്രമണങ്ങളിൽ ഇറാന്റെ പ്രധാന തുറമുഖ നഗരങ്ങളും തീരദേശ സൈനിക കേന്ദ്രങ്ങളുമാണ് അമേരിക്ക ലക്ഷ്യമിട്ടത്. ബന്ദർ അബ്ബാസ്, ചബഹാർ, കൊനാറക്, സിറിക് എന്നിവിടങ്ങളിൽ ശക്തമായ സ്ഫോടനങ്ങൾ ഉണ്ടായതായി ഇറാനിയൻ വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.