പിതാവിനെ തട്ടിക്കൊണ്ടുപോയി മാനസികാരോഗ്യ കേന്ദ്രത്തിലാക്കി; കേസിൽ 2 പേർ കൂടി പിടിയിൽ

 

കട്ടപ്പന ∙ സ്വത്തുതർക്കത്തെത്തു‌ടർന്നു മകനടങ്ങുന്ന സംഘം പിതാവിനെ തട്ടിക്കൊണ്ടുപോയി മാനസികാരോഗ്യ കേന്ദ്രത്തിലാക്കിയ കേസിൽ 2 പേർ കൂടി അറസ്റ്റിൽ. പാലക്കാട് മണ്ണാർക്കാട് സ്വദേശികളായ സെബാസ്റ്റ്യൻ (30), പാലവീട്ടിൽ സുരേഷ് (25) എന്നിവരാണു പിടിയിലായത്. പടമുഖം കൊച്ചുപറമ്പിൽ മോഹൻദാസിനെ (56) തട്ടിക്കൊണ്ടുപോയ കേസിൽ മകൻ ദീപുവിനെയും സുഹൃത്ത് പാലക്കാട് സ്വദേശി മുഹമ്മദ് ഫാസിലിനെയും നേരത്തേ ഇടുക്കി പൊലീസ് പിടികൂടിയിരുന്നു. കേസിൽ ഒരാൾ കൂടി പിടിയിലാകാനുണ്ട്. ജൂൺ 12ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം.സ്വത്തുതർക്കവുമായി ബന്ധപ്പെട്ടുള്ള ഇവരുടെ കേസ് കോടതിയുടെ പരിഗണനയിലാണ്. കട്ടപ്പനയിലുള്ള സഹോദരിക്കൊപ്പമാണ് മോഹൻദാസ് കഴിയുന്നത്. സംഭവദിവസം ചെറുതോണിയിലേക്കു പോയ മോഹൻദാസിനെ ദീപുവിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം കട്ടപ്പനയിലേക്ക് വിളിച്ചുവരുത്തിയ ശേഷം വാഹനത്തിൽ തട്ടിക്കൊണ്ടുപോയി പാലക്കാടുള്ള മാനസികാരോഗ്യ കേന്ദ്രത്തിലാക്കി. സഹോദരിയുടെ പരാതിയെത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ മോഹൻദാസിനെ കണ്ടെത്തി. പ്രതികളെ പിടികൂടുകയുമായിരുന്നു. ഒളിവിലായിരുന്ന സെബാസ്റ്റ്യനെ മുണ്ടക്കയത്തു നിന്നും സുരേഷിനെ പാലക്കാടു നിന്നുമാണ് കട്ടപ്പന പൊലീസ് പിടികൂടിയത്. കട്ടപ്പന എസ്എച്ച്ഒ എ.എൻ.ഷാജുവിന്റെ നേതൃത്വത്തിലാണ് അറസ്റ്റ്.