Headlines

‘മലയാള ചലച്ചിത്ര വേദിക്ക് വാഗ്ദാനം ചെയ്ത എല്ലാ ആനുകൂല്യങ്ങൾക്കും പുതിയ സർക്കാരിന് നന്ദി’; ബജറ്റിനെ പ്രശംസിച്ച് മമ്മൂട്ടി

 

വി ഡി സതീശൻ സർക്കാരിന്റെ കന്നി ബജറ്റിനെ പ്രശംസിച്ച് നടൻ മമ്മൂട്ടി. ‘മലയാള ചലച്ചിത്ര വേദിക്ക് വാഗ്ദാനം ചെയ്ത എല്ലാ ആനുകൂല്യങ്ങൾക്കും പുതിയ സർക്കാരിന് നന്ദി…എല്ലാം വേഗത്തിൽ നടപ്പിലാകട്ടെ..’ ഫേസ്ബുക്കിൽ കുറിച്ചു. മമ്മൂട്ടിയ്ക്ക് പുറമെ മോഹൻലാൽ പൃഥ്വിരാജ് എന്നിവരും പരിഗണനകൾക്ക് നന്ദി അറിയിച്ചുകൊണ്ട് പ്രതികരിച്ചിരുന്നു.

 

 

ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ ഏറ്റവും ശ്രദ്ധയാകർഷിച്ചത് മോഹൻലാലിന്റെ സോഷ്യൽ മീഡിയ പോസ്റ്റായിരുന്നു. ബജറ്റിനെ പ്രകീർത്തിക്കുന്ന പതിവില്ലാത്ത കുറിപ്പിന് പിന്നിലെ പ്രധാനകാരണം ചലചിത്രമേഖലയോടുള്ള പരിഗണനയായിരുന്നു. കൊച്ചിയിലെ ഫിലിം സിറ്റിയും വ്യവസായമെന്ന പരിഗണനയും.

 

സാമ്പത്തിക പ്രതിസന്ധിയും, നിർമ്മാണ ചിലവും, നികുതി ഭാരവും നാൾക്കുനാൾ പരാതിയായി മാറി മാറി വരുന്ന സ‍ർക്കാരുകൾക്ക് മുന്നിൽ നിരവധി തവണ നിവേദനമായും നി‍ർദേശമായും പരാതിയായും സിനിമ സംഘടനകൾ ഉയർത്തിയിട്ടുണ്ട്. കലാപരമായ സൃഷ്ടിഎന്ന ടാഗ്ലൈൻ കൂടെപ്പിറപ്പായിരുന്ന ചലചിത്രമേഖലയ്ക്ക് പരിമിതികളും പതിവായി. സിനിമ കോൺക്ലേവുക്കൊണ്ടോ, മാരത്തൺ ചർച്ചകൊണ്ടോ, പരാതി പരിഹാരമാർഗങ്ങൾ ഒന്നും തന്നെ ഉണ്ടായില്ല. നൂറും ഇരുന്നൂറും കോടി ബോക്സ് ഓഫീസ് കളക്ഷൻ കണക്ക് പലർക്കും ബാധ്യതയും ചിലർക്ക് അപ്രാപ്യവുമായപ്പോഴും നിർമ്മാണം മുതൽ പ്രദർശനം വരെ നികുതിയും സെസ്സും നിറഞ്ഞ നഷ്ടത്തിന്റെ ബാലൻസ് ഷീറ്റായി മേഖലയെ മാറ്റവെയാണ് പ്രഖ്യാപനം.

 

കൊച്ചിയിൽ സർക്കാർ സംവിധാനത്തിൽ ഫിലിംസിറ്റി വരുന്നതോടെ പോസ്റ്റ് പ്രൊഡക്ഷൻ എന്ന വലിയ കടമ്പയിൽ സാമ്പത്തിക ഞെരുക്കത്തെ കുറച്ചൊക്കെ പിടിച്ചുകെട്ടാൻ സാധിക്കും. അന്താരാഷ്ട്ര നിലവാരമെന്ന പ്രഖ്യാപനം സാങ്കേതികമായി നൂതന സംവിധാനങ്ങളെ ആശ്രയിക്കും എന്ന ആശയത്തിന് ചിറക് നൽകുന്നതാണ്. ഒട്ടുമുക്കാൽ ചിത്രങ്ങളുടേയും പോസ്റ്റ് പ്രൊഡക്ഷൻ കൊച്ചിയിൽ ആയതിനാൽ തന്നെ ചിലവിനെ ചുരുക്കാമെന്നാണ് പ്രതീക്ഷ. വ്യവസായമെന്ന പ്രഖ്യാപനത്തിലൂടെ നികുതിയിലെ വേലിയേറ്റങ്ങളെ ഇനിഭയക്കേണ്ട എന്ന ആശ്വാസമാണ് ബാക്കി.

 

കൊച്ചിയിലെന്ന പരിമിതി വടക്കും തെക്കും ബാധിക്കില്ലെന്നാണ് സംഘടനകൾ പറയുന്നത്. നിലവിൽ കൊച്ചി തന്നെയാണ് സിനിമ ഹബ്ബ്. യാത്രാ സൗകര്യവും, അടിസ്ഥാന സൗകര്യവും കൂടുതലാണ് കൊച്ചിയിൽ. കാലങ്ങളായി മുന്നോട്ടുവച്ച ആവശ്യങ്ങൾ സ‍ർക്കാർ അംഗീകരിച്ചെന്ന ആശ്വാസമാണ് നിലവിലുള്ളത്. പദ്ധതികൾ പ്രായോഗിക തലത്തിലേയ്ക്ക് എത്തുമ്പോൾ ഗുണദോഷവശങ്ങൾ വീണ്ടും ഇഴ കീറിപ്പരിശോധിക്കപ്പെടുമെന്നത് മറ്റൊരു സത്യം.