Headlines

കട്ടിളപ്പാളി കേസ്; തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യം റദ്ദാക്കണമെന്ന് എസ്ഐടി; ഹൈക്കോടതിയില്‍ അപ്പീല്‍

കട്ടിളപ്പാളി കേസില്‍ തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യം റദ്ദാക്കണമെന്ന് എസ്ഐടി. കൊല്ലം വിജിലന്‍സ് കോടതി വിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. എസ്ഐടിയുടെ അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. തന്ത്രി കണ്ഠരര് രാജീവര്‍ക്ക് നോട്ടീസയച്ചു. അപ്പീല്‍ എസ്ഐടിയുടെ ആദ്യ ഹര്‍ജിക്കൊപ്പം പരിഗണിക്കും.തന്ത്രിയ്‌ക്കെതിരെ തെളിവില്ലെന്ന വിചാരണക്കോടതി പരാമര്‍ശങ്ങള്‍ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. എസ്‌ഐടിയുടെ അപ്പീലില്‍ തന്ത്രിയ്ക്ക് ഹൈക്കോടതി നോട്ടീസും അയച്ചു. തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്ന അപ്പീല്‍ ഹൈക്കോടതി പരിഗണിക്കുകയും ചെയ്തു.

സര്‍ക്കാര്‍ നല്‍കിയ അപ്പീലിലായിരുന്നു സ്റ്റേ നല്‍കിയിരിക്കുന്നത്. സര്‍ക്കാര്‍ നല്‍കിയ അപീലില്‍ വാദം കേള്‍ക്കാനും നിര്‍ദേശമുണ്ട്. തന്ത്രിയുടെ ജാമ്യഹര്‍ജിയെയും വിചാരണ കോടതിയുടെ പരാമര്‍ശങ്ങളെയും എതിര്‍ത്താണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്. തന്ത്രിക്ക് ശബരിമല സ്വര്‍ണക്കൊള്ള ഗൂഢാലോചനയുടെ ബന്ധമുണ്ടെന്നും വിചാരണക്കോടതിയുടെ നിരീക്ഷണങ്ങള്‍ വസ്തുതാവിരുദ്ധമാണെന്നും തന്ത്രിയുടെ ജാമ്യം റദ്ദ് ചെയ്യണമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.