Headlines

2023 ഏപ്രിൽ ഒന്നിന് തീപിടുത്തമുണ്ടായി; ടെക്സ്റ്റൈൽസ് അഗ്നിക്കിരയാകുന്നത് ഇത് രണ്ടാം തവണ; കോഴിക്കോട് ജയലക്ഷ്മി ടെകസ്റ്റൈൽസിൽ തീയണയ്ക്കാൻ ഊർജിത ശ്രമം

കോഴിക്കോട് പാളയത്ത് റെയിൽവെ സ്റ്റേഷന് സമീപമുള്ള ജയലക്ഷ്മി ടെകസ്റ്റൈൽസിൽ വൻ തീപിടിത്തം. ഫയര്‍ഫോഴ്സെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. ഇന്ന് വൈകിട്ട് ആറുമണിയോടെയാണ് കെട്ടിടത്തിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ അഗ്നിശമന സേനയെ വിവരമറിയിക്കുകയായിരുന്നു.നിലവിൽ രണ്ട് ഫയർഫോഴ്സ് യൂണിറ്റുകൾ സംഭവസ്ഥലത്ത് എത്തി തീയണയ്ക്കാൻ ശ്രമം നടത്തുന്നു. തീ പടരാനുള്ള സാധ്യത കണക്കിലെടുത്ത് കൂടുതൽ ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തേക്ക് തിരിച്ചു. ടെക്സ്റ്റൈൽസിന്റെ രണ്ടും മൂന്നും നിലകളിലാണ് തീപിടുത്തം ഉണ്ടായിരിക്കുന്നത്. കെട്ടിടത്തിൽ നിന്നും ആളുകളെ ഒഴിപ്പിച്ചു. രണ്ടാം തവണയാണ് ടെക്സ്റ്റൈൽസ് അഗ്നിക്കിരയാകുന്നത്. 2023 ഏപ്രിൽ ഒന്നിനും തീപിടുത്തമുണ്ടായിരുന്നു.

തീപിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. നഗരമധ്യത്തിലായതിനാൽ മറ്റ് കെട്ടിടങ്ങളിലേക്ക് തീ പടരാതിരിക്കാനുള്ള കഠിനശ്രമത്തിലാണ് അഗ്നിശമന സേനാംഗങ്ങൾ. ഷോർട്ട് സർക്യൂട്ടാണോ അപകടകാരണമെന്ന് പരിശോധിച്ചു വരികയാണ്.

ടെകസ്റ്റൈൽസിന്‍റെ രണ്ടും മൂന്നു നിലകളിൽ തീ ആളിപ്പടരുകയാണ്. മീഞ്ചന്ത, ബീച്ച്, വെള്ളിമാടുകുന്ന് എന്നീ ഫയര്‍ സ്റ്റേഷനുകളിൽ നിന്നുള്ള ഫയര്‍ഫോഴ്സാണ് സ്ഥലത്തെത്തിയിട്ടുള്ളത്. തീപടര്‍ന്ന ഉടനെ ജീവനക്കാരെയും ഉപഭോക്താക്കളെയും പുറത്തിറക്കുകയായിരുന്നു. കെട്ടിടത്തിന്‍റെ പിൻഭാഗത്ത് നിന്നാണ് തീപടര്‍ന്നത്. തുടര്‍ന്ന് മുകളിലത്തെ നിലയിലേക്ക് ആളിപടരുകയായിരുന്നു. പതിനായിരം ചതുരശ്ര അടിയിലുള്ള കെട്ടിടത്തിന്‍റെ മൂന്നു നിലകളിലായാണ് തീപിടിച്ചത്.

വെഡ്ഡിങ് സെക്ഷനിലെ വസ്ത്രങ്ങള്‍ സൂക്ഷിച്ച ഗോഡൗണിന്‍റെ ഭാഗത്ത് നിന്നുമാണ് തീ ആദ്യം ആളിപടര്‍ന്നത്. തീപിടിച്ചതിനെതുടര്‍ന്ന് ടെകസ്റ്റൈൽസിലെ ഗ്ലാസുകള്‍ പൊട്ടിത്തെറിക്കുന്നത് രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയായി മാറുന്നുണ്ട്. പാളയത്തെ തിരക്കേറിയ സ്ഥലത്തുണ്ടായ തീ പടര്‍ന്ന് ഒരു മണിക്കൂറിലധികം കഴിഞ്ഞിട്ടും നിയന്ത്രണ വിധേയമാക്കാനായിട്ടില്ല. സ്ഥാപനത്തിന് സമീപത്തെ റോഡിലൂടെയുള്ള ഗതാഗതമടക്കം നിരോധിച്ചിട്ടുണ്ട്. കൂടുതൽ ഫയര്‍ഫോഴ്സ് യൂണിറ്റുകള്‍ സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്.