ഹയർ സെക്കൻഡറി വിഭാഗത്തിൽ പ്രിൻസിപ്പൽമാർ ക്ലർക്കിന്റെ ജോലികൾ കൂടി ചെയ്യണമെന്ന ഉത്തരവുമായി കേരള വിദ്യാഭ്യാസ വകുപ്പ്. സാമ്പത്തിക പ്രതിസന്ധി കാരണം പുതിയ തസ്തികകൾ അനുവദിക്കാൻ കഴിയില്ലെന്നും, അതിനാൽ ക്ലർക്കുമാരുടെ ജോലികൾ കൂടി പ്രിൻസിപ്പൽമാർ ചെയ്യണമെന്നുമാണ് ഉത്തരവിൽ പറയുന്നത്. ഇത് അധ്യാപക സംഘടനകളിൽ നിന്നും വലിയ വിമർശനങ്ങൾ ക്ഷണിച്ചു വരുത്തിയിട്ടുണ്ട്.
വളയൻചിറങ്ങര ഹയർ സെക്കൻഡറി സ്കൂളിന്റെ അപേക്ഷയ്ക്ക് മറുപടിയായാണ് വിദ്യാഭ്യാസ വകുപ്പ് ഈ ഉത്തരവ് പുറത്തിറക്കിയത്. ഹയർ സെക്കൻഡറി വിഭാഗത്തിൽ ഒരു മുഴുവൻ സമയ ക്ലർക്കിന്റെ ആവശ്യമില്ലെന്നും, പ്രിൻസിപ്പൽമാരുടെ അധ്യാപന സമയം ആഴ്ചയിൽ എട്ട് പീരിയഡായി കുറച്ചത് ഈ അധിക ജോലികൾ കൂടി ചെയ്യാനാണെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. കൂടാതെ ഹയർ സെക്കൻഡറി അധ്യാപകർക്ക് ശരാശരി ഒരു ദിവസം രണ്ട് മണിക്കൂറിൽ കൂടുതൽ ജോലിഭാരമില്ലെന്നും ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു.
ഈ നീക്കം വലിയ സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള സർക്കാരിന്റെ ശ്രമമാണെന്നാണ് ഉത്തരവിൽ പറയുന്നത്. ഏതെങ്കിലും ഒരു സ്കൂളിന് ക്ലർക്ക് തസ്തിക അനുവദിച്ചാൽ മറ്റ് സ്കൂളുകളും ഇതേ ആവശ്യം ഉന്നയിക്കാൻ സാധ്യതയുണ്ടെന്നും, അത് സർക്കാരിന് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്നും ഉത്തരവിൽ പറയുന്നു.എന്നാൽ ഈ ഉത്തരവിലെ പരാമർശങ്ങൾ വസ്തുതാവിരുദ്ധമാണെന്നും, ഇത് പിൻവലിച്ച് ആവശ്യമായ തസ്തികകളിൽ ജീവനക്കാരെ നിയമിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നും പ്രതിപക്ഷ അധ്യാപക സംഘടനകൾ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രിൻസിപ്പൽമാരുടെ പ്രധാന ചുമതല അക്കാദമിക് കാര്യങ്ങളാണെന്നും, ക്ലറിക്കൽ ജോലികൾ കൂടി അവരുടെ ചുമലിൽ വെക്കുന്നത് അക്കാദമിക് നിലവാരത്തെ ബാധിക്കുമെന്നും അവർ വാദിക്കുന്നു.