കെ റെയിൽ: പ്രതിഷേധം കടുപ്പിക്കാൻ കോൺഗ്രസ്, ഇതുവരെ സ്ഥാപിച്ച കല്ലുകൾ പിഴുതെറിയും

 

സിൽവർ ലൈൻ പദ്ധതിക്കെതിരെ പ്രതിഷേധം കടുപ്പിക്കാനൊരുങ്ങി കോൺഗ്രസ്. ഇതുവരെ സ്ഥാപിച്ച അടയാള കല്ലുകൾ മുഴുവൻ പിഴുതെറിയാനാണ് തീരുമാനം. കെ റെയിൽ വേണ്ട, കേരളം മതിയെന്ന മുദ്രവാക്യം ഉയർത്തി പിഴുതെറിഞ്ഞ അടയാളക്കല്ലുകൾ യൂത്ത് കോൺഗ്രസ് കലക്ടറേറ്റുകൾക്ക് മുന്നിൽ സ്ഥാപിക്കും

അതേസമയം പ്രതിഷേധം വകവെക്കാതെ കല്ലിടൽ തുടരാനാണ് സർക്കാർ തീരുമാനം. കല്ലുകൾ പിഴുതെറിയുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. കോട്ടയം മാടപ്പള്ളിയിൽ കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന 150 പേർക്കെതിരെ പോലീസ് കേസെടുത്തിരുന്നു

ഇതിനിടെ കൊല്ലത്ത് കെ റെയിൽ പ്രതിഷേധത്തിന് യൂത്ത് കോൺഗ്രസ് ഉപയോഗിച്ച കല്ല് മോഷ്ടിച്ചതാണെന്ന് പോലീസ് കണ്ടെത്തി. സംഭവത്തിൽ കേസെടുത്ത പോലീസ് കല്ല് കസ്റ്റഡിയിലെടുത്തു. കൊല്ലം റെയിൽവേ സ്‌റ്റേഷനിൽ നിന്ന് ആരംഭിച്ച യൂത്ത് കോൺഗ്രസ് പ്രതിഷേധം ഈസ്റ്റ് പോലീസ് സ്‌റ്റേഷന് മുന്നിലാണ് അവസാനിപ്പിച്ചത്. ഇവിടെ തന്നെ കല്ല് സ്ഥാപിക്കുകയായിരുന്നു.

സംഭവത്തിൽ 20 കെ എസ് യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തു. കല്ലിന്റെ സീരിയൽ നമ്പറുകൾ പരിശോധിച്ച ശേഷമാകും തുടർ നടപടികൾ സ്വീകരിക്കുക.